എന്നും ഫലസ്തീന്‍ ജനതക്കൊപ്പമെന്ന് ഐക്യരാഷ്ട്ര സഭയില്‍ യു എ ഇ

Posted on: November 30, 2014 5:21 am | Last updated: November 29, 2014 at 10:24 pm

uae flagവാഷിംഗ്ടണ്‍: ഫലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ടുവരണമെന്ന് യു എ ഇ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇസ്‌റാഈലിലെ ജൂത കുടിയേറ്റക്കാരില്‍ നിന്ന് ഫലസ്തീനികള്‍ നിരന്തരം ആക്രമണം നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് യു എന്‍ പൊതുസഭയില്‍ നിലപാട് വ്യക്തമാക്കി യു എ ഇ മുന്നോട്ട് വന്നിരിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയില്‍ ഫലസ്തീനികളെ കുറിച്ചുള്ള ചോദ്യത്തോട്, എഴുതി നല്‍കിയ മറുപടിയില്‍, യു എ ഇ എന്നും ഫലസ്തീന്‍ ജനതക്കൊപ്പമാണെന്നും സ്ഥാനപതി ലന സാക്കി നുസൈബ വ്യക്തമാക്കി. സ്വതന്ത്ര ഫലസ്തീനിന് വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടം സാര്‍ഥകമാകുന്നത് വരെ അവര്‍ക്കുള്ള പിന്തുണ തങ്ങള്‍ തുടരും. യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമായ സമയമാണ് ഇത്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനും ഫലസ്തീനികള്‍ക്ക് ജൂതരുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ട്. മസ്ജിദുല്‍ അഖ്‌സക്കെതിരെയുള്ള ഇസ്‌റാഈല്‍ ആക്രമണം ലോകത്താകെയുള്ള മുസ്‌ലിംകളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. ജോര്‍ദാന്റെ ഈ വിഷയത്തിലെ നിലപാട് സ്വാഗതാര്‍ഹമാണ്. ജോര്‍ദാന്‍ പ്രദേശത്തെ സംഘര്‍ഷം കുറക്കാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. അതുപോലെ ഇസ്‌റാഈലിന്റെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ശിപാര്‍ശ ചെയ്ത സെക്രട്ടറി ജനറലിന്റെ നടപടിയും ആശാവഹമാണ്. മനുഷ്യത്വരഹിതമായി യു എന്‍ സ്‌കൂളിനും അഭയാര്‍ഥി ക്യാമ്പിനും നേരെ ആക്രമണം നടത്തിയ ഇസ്‌റാഈല്‍ സൈന്യത്തെ വിചാരണ ചെയ്ത് നീതി നടപ്പാക്കണം. തങ്ങളുടെ പ്രദേശത്തെ സംരക്ഷിക്കാനാണ് ആക്രമണം നടത്തുന്നതെന്ന ഇസ്‌റാഈലിന്റെ വാദം തള്ളിക്കളയുകയാണ്. ഇസ്‌റാഈല്‍ ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ജൂതപാര്‍പ്പിട നിര്‍മാണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. അതുപോലെ ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്യത്തെ പോലും തടയുന്ന തരത്തിലുള്ള ബാരിക്കേഡുകളും ഒഴിവാക്കണം. നിരപരാധികളായ ഫലസ്തീനിലെ യുവാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ജയിലിലടക്കുന്ന ഇസ്‌റാഈല്‍ നടപടി തെറ്റാണെന്നും ഇവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ യു എ ഇ സ്ഥാനപതി ലന സാക്കി നുസൈബ ചൂണ്ടിക്കാട്ടി.