Connect with us

Kerala

സ്‌കൂള്‍ ശാസ്‌ത്രോല്‍സവം: കോഴിക്കോട് ചാമ്പ്യന്‍മാര്‍

Published

|

Last Updated

തിരൂര്‍ : നാല് നാള്‍ ശാസ്ത്ര പ്രതിഭകളുടെ പരീക്ഷണ ശാലയായി മാറിയ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഭാഷാപിതാവിന്റെ മണ്ണില്‍ തിരശ്ശീല. മേള പരിസമാപ്തിയാകാനിരിക്കെ 1112 പോയിന്റോടെ കോഴിക്കോട് കിരീടം ചൂടി . 1067 പോയിന്റുമായി കണ്ണൂരും 1038 പോയിന്റോടെ തൃശൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ആതിഥേയരായ മലപ്പുറം 1035 പോയിന്റ് നേടി നാലാം സ്ഥാനത്താണ്. ഒന്‍പത് അപ്പീലുകളില്‍ ഏഴെണ്ണം തള്ളുയും രണ്ടെണ്ണം അനുവദിക്കുയും ചെയ്തു. ഇതേ തുടര്‍ന്നാണ് കോഴിക്കോട് കിരീടം ഉറപ്പാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ കണ്ണൂരിനെ രണ്ടാം സ്ഥാനത്താക്കിയാണ് കോഴിക്കോടിന്റെ മുന്നേറ്റം. 125 പവന്റെ സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയ ആദ്യശാസ്‌ത്രോത്സവത്തില്‍ കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ട്രോഫിയാണ് കോഴിക്കോടിന് ലഭിക്കുന്നത്. ഇതിന്റെ നിര്‍മാണം പണിപ്പുരയിലാണ്.

ശാസ്ത്രപ്രതിഭകളുടെ മാറ്റുരക്കലിന് തിരൂര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. ആളൊഴിഞ്ഞ പ്രദര്‍ശന നഗരിക്ക് പകരം തിങ്ങിനിറഞ്ഞ ജനക്കൂട്ടം കുട്ടി ശാസ്ത്രജ്ഞര്‍ക്ക് നിറഞ്ഞ പ്രോത്സാഹനങ്ങളുമായി ഒഴുകിയെത്തി. നാല് ദിനങ്ങളിലായി നടന്ന മേളയില്‍ പതിനാല് റവന്യൂ ജില്ലകളില്‍ നിന്ന് പതിനായിരത്തോളം വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്. ഇന്ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എപിഅനില്‍കുമാര്‍ ട്രോഫിയുടെ മാതൃക സമ്മാനിക്കും. ശാസ്‌ത്രോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ ജില്ലകള്‍ തമ്മില്‍ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. സയന്‍സ് വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാമതും മലപ്പുറം, കോഴിക്കോട് എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. സോഷ്യല്‍ സയന്‍സില്‍ തൃശൂരാണ് ഒന്നാമത്. കണ്ണൂര്‍ രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്. ഗണിത ശാസ്ത്ര മത്സരത്തില്‍ കോഴിക്കോട് ഒന്നാം സ്ഥാനത്തും കണ്ണൂര്‍, മലപ്പുറം തൊട്ടുപിന്നിലും. പ്രവൃത്തി പരിചയമേളയില്‍ കോഴിക്കോട് ഒന്നാം സ്ഥാനവും പാലക്കാട് രണ്ട് , തൃശൂര്‍ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ഐ ടി മേളയില്‍ മലപ്പുറം ചാമ്പ്യന്‍മാരായി. കോഴിക്കോടും പാലക്കാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തിപരിചയ മേളയില്‍ എറണാകുളം മാണിക്കമംഗലം സെന്റ് ക്ലെയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ഡെഫ് ചാമ്പ്യന്‍മാരായി. കോഴിക്കോട് റഹ്മാനിയ വി എച്ച് എസ് എസ് ഫോര്‍ ഹാന്റികേപ്പ്ഡ്, കോട്ടയം വടകര എച്ച് എസ് എസ് ഫോര്‍ ഡെഫ് അസീസി എന്നിവരാണ് തൊട്ടുപിന്നില്‍.

Latest