നഗരത്തില്‍ ബസുകളുടെ വേഗം മണിക്കൂറില്‍ 30 കിലോമീറ്ററായി കുറക്കാന്‍ തീരുമാനം

Posted on: November 29, 2014 1:02 pm | Last updated: November 29, 2014 at 1:02 pm

പാലക്കാട്: നഗരത്തില്‍ ബസുകളുടെ വേഗത മണിക്കൂറില്‍ 30 കിലോമീറ്ററായി കുറയ്ക്കാന്‍ ഗതാഗത ഉപദേശകസമിതി യോഗം തീരുമാനിച്ചു. നഗരത്തില്‍ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്‌നല്‍ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കും.
പുതിയതായി ക്യാമറയും സിഗ്‌നല്‍ലൈറ്റുകളും സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ പോലീസും ആര്‍ ടി ഒയും നഗരസഭ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധിച്ച് നിശ്ചയിക്കും. കോളജ്, സ്‌കൂള്‍, പാര്‍ക്ക് എന്നിവയ്ക്ക് സമീപത്തെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനും വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനും തീരുമാനമായി. സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇറങ്ങുന്ന സ്ഥലത്തും വിക്‌ടോറിയ കോളജിനു മുന്നിലും ഹമ്പ്/സ്‌ട്രൈപ്പ്‌സ് സ്ഥാപിക്കും.
ജി ബി റോഡില്‍ നൂര്‍ജഹാന്‍ ഹോട്ടലിനു സമീപത്തെ കന്നാറ സ്ട്രീറ്റിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് മാറ്റും. സ്‌റ്റേഡിയം ബസ്‌സ്റ്റാന്‍ഡിനു സമീപത്തെ കൈരളി ഹോട്ടലിനു സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് മില്‍മാ ബൂത്തിന് സമീപത്തേക്ക് മാറ്റിസ്ഥാപിക്കും. കോട്ടമൈതാനത്തിനുസമീപം എ ആര്‍ മേനോന്‍ പാര്‍ക്കിനുമുന്നിലുള്ള ഓട്ടോ സ്റ്റാന്‍ഡ് എതിര്‍വശത്തേക്കു മാറ്റും. കെ എസ് ആര്‍ ടി .സി ബസ് സ്‌റ്റേഷനു സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷകളുടെ എണ്ണം പരിമിതപ്പെടുത്തും.
സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡിനുള്ളിലെ പോലീസ് എയ്ഡ് പോസ്റ്റ് സ്റ്റാന്‍ഡിന് പുറത്തേക്ക് മാറ്റി സ്ഥാപിക്കും. കെ എസ് ആര്‍ ടി സി ജംഗ്ഷനിലെ ലിങ്ക് റോഡില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാനും ഇംഗ്ലീഷ് ചര്‍ച്ച് റോഡിലെ ടാര്‍ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. മെയിന്റോഡുകളുടെ അരികിലുള്ള കല്യാണ മണ്ഡപങ്ങളുടെ പാര്‍ക്കിങ് റോഡരികില്‍ അനുവദിക്കരുതെന്ന് നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചു. പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷനായി.
ആര്‍ ടി ഒ ടി ജെ തോമസ്, ഡി വൈ എസ് പി പി ഡി ശശി, സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി എം എല്‍ സുനില്‍, സി ഐമാരായ ആര്‍ ഹരിപ്രസാദ്, സി ആര്‍ പ്രമോദ്, എസ് ഐ എം സുജിത്ത്, ട്രാഫിക് എസ് ഐ പി എ അബ്ദുള്‍ ഗഫൂര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എ രാജേഷ്, മുനിസിപ്പല്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പാര്‍ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.