Connect with us

Wayanad

ഗ്രൂപ്പ് വഴക്ക് മുറുകിയപ്പോള്‍ നാല് സീറ്റിലേക്ക് കോണ്‍ഗ്രസിന് അഞ്ച് സ്ഥാനാര്‍ഥികള്‍

Published

|

Last Updated

വെങ്ങപ്പള്ളി: സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അനുവദിച്ച നാല് സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനു അഞ്ച് സ്ഥാനാര്‍ഥികള്‍. പാര്‍ട്ടിയിലെ “എ”, “ഐ”്ര ഗ്രൂപ്പുപോരാണ് നാലു സീറ്റിലേക്ക് അഞ്ചു പേര്‍ മത്സരിക്കുന്നതിനു കളമൊരുക്കിയത്. ഏറ്റവും ഒടുവില്‍ ഹൈക്കോടി ഉത്തരവിന്റെ ബലത്തില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച സേവാദള്‍ കല്‍പ്പറ്റ ബ്ലോക്ക് ചെയര്‍മാനും “ഐ” ഗ്രൂപ്പുകാരനുമായ ജോണി ജോണ്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയല്ലെന്ന നിലപാടിലാണ് “എ” വിഭാഗം. ഒരേ സമയം രണ്ട് സഹകരണ സംഘങ്ങളില്‍ അംഗത്വമുണ്ടെന്നു പറഞ്ഞ് സൂക്ഷ്മപരിശോധനയില്‍ വരണാധികാരി തള്ളിയതാണ് ജോണി ജോണിന്റെ പത്രിക. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വരണാധികാരിയുടെ നടപടി അസാധുവാക്കിയ ജോണി ജോണ്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയല്ലെന്ന “എ” ഗ്രൂപ്പിന്റെ നിലപാട് “ഐ” വിഭാഗം പ്രവര്‍ത്തകരെ പ്രകോപിതരാക്കിയിട്ടുണ്ട്. ജോണി ജോണിനെ എങ്ങനെയും വിജയിപ്പിച്ച് എതിര്‍ചേരിക്ക് ചുട്ട മറുപടി നല്‍കാനുള്ള ഊര്‍ജിതശ്രമത്തിലാണ് അവര്‍.
ബേങ്കിന്റെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ നാരായണന്‍കുട്ടി എന്ന ബാബു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുന്നതിന് പാര്‍ട്ടിയിലെ “എ” വിഭാഗത്തില്‍നിന്നുള്ള വെങ്ങപ്പള്ളി മണ്ഡലം പ്രസിഡന്റ് എം നജീബ് നടത്തിയ രഹസ്യനീക്കങ്ങളും ഗ്രൂപ്പുവഴക്കിനു ആക്കം കൂട്ടിയിട്ടുണ്ട്. ജില്ലാ ബാങ്കില്‍ നാരായണന്‍കുട്ടിക്ക് ബാധ്യതുണ്ടെന്നും അതിനാല്‍ നാമനിര്‍ദേശപത്രിക സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി മണ്ഡലം കമ്മിറ്റിയുടെ ലെറ്റര്‍പാഡില്‍ വരാണാധികാരിക്ക് നജീബ് കത്ത് നല്‍കിയിരുന്നു.
ഒന്‍പത് സീറ്റുകളാണ് വെങ്ങപ്പള്ളി ബേങ്ക് ഭരണസമിതിയില്‍. ഇതില്‍ മുസ്‌ലിം ലീഗ് അഞ്ചും കോണ്‍ഗ്രസ് നാലും സീറ്റുകളില്‍ മത്സരിക്കാനായിരുന്നു യു.ഡി.എഫ് ധാരണ. ലഭിച്ച രണ്ട് ജനറല്‍ സീറ്റുകള്‍ “എ”, “ഐ” ഗ്രൂപ്പുകള്‍ തുല്യമായി പങ്കിടാനായിരുന്നു പാര്‍ട്ടി തീരുമാനം.
ജനറല്‍ സീറ്റുകളിലേക്ക് “ഐ” ഗ്രൂപ്പില്‍നിന്ന് ബാങ്ക് സിറ്റിംഗ് പ്രസിഡന്റുമായ കെ നാരായണന്‍കുട്ടി, ജോണി ജോണ്‍ എന്നിവരും “എ” ഗ്രൂപ്പില്‍നിന്ന് എം.വേണുഗോപാല്‍, കെ.മുരളീധരന്‍ എന്നിവരുമാണ് പത്രിക സമര്‍പ്പിച്ചത്. ഇതേ ഗ്രൂപ്പില്‍നിന്നുള്ള പി കെ വിലാസിനി(വനിത), എം കെ ബാലന്‍(പട്ടികജാതി-വര്‍ഗം) എന്നിവരും പത്രിക സമര്‍പ്പിച്ചു. പിന്നീട് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് നിര്‍ദേശിച്ചതനുസരിച്ച് നാരായണന്‍കുട്ടി പത്രിക പിന്‍വലിച്ചു. ജോണി ജോണിന്റെ പത്രിക വരാണാധികാരി തള്ളി. ഇതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു രംഗത്തുള്ള മുഴുവന്‍ കോണ്‍ഗ്രസുകാരും “എ” ഗ്രൂപ്പില്‍നിന്നുള്ളവരായി. ജോണി ജോണ്‍ ഹൈക്കോടതിയെ സമീപിച്ച് പത്രിക സാധുവാക്കിയെങ്കിലും സ്ഥാനാര്‍ഥിത്വം അംഗീകരിക്കാന്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് തയാറായില്ല. ഈ വിഷയം “ഐ” ഗ്രൂപ്പ് പ്രദേശിക നേതൃത്വം ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ജനറല്‍ സീറ്റില്‍ മത്സരിക്കുന്ന “എ”ക്കാരില്‍ ഒരാളെ പിന്‍വലിക്കാന്‍ ഇടപെടല്‍ ഉണ്ടായില്ല.
ഈ മാസം 30നാണ് തിരഞ്ഞെടുപ്പ്. 24 സ്ഥാനാര്‍ഥികളാണ് മത്സരംരംഗത്ത്. സി പി എമ്മിനു ആറും ബി ജെ പിക്ക് എട്ടും സീറ്റുകളില്‍ സ്ഥാനാര്‍ഥികളുണ്ട്.

 

Latest