ആശങ്ക വേണ്ട: ജില്ലാ കലക്ടര്‍

Posted on: November 29, 2014 11:44 am | Last updated: November 29, 2014 at 11:44 am

കല്‍പ്പറ്റ: സംസ്ഥാനത്തെ ചില ജില്ലകളില്‍ പക്ഷിപ്പനി പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ വയനാട്ടിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതായും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു.
കലക്ടറേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗ സംരക്ഷണ വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ജില്ലാ കലക്ടറേറ്റില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ടോള്‍ഫ്രീ നമ്പറായ 1077, 204151 എന്നീ നമ്പറുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കൂടാതെ 206845 എന്ന അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ടിന്റെ നമ്പറിലും പക്ഷിപ്പനി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
താറാവ് ഗ്രാമം പദ്ധതിയുടെ ഭാഗമായി എട്ട് പഞ്ചായത്തുകളില്‍ വിതരണം ചെയ്ത ഏകദേശം ആറായിരത്തോളം താറാവുകളെ പ്രത്യേകം നിരീക്ഷണം നടത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിത വിജയന്‍ പറഞ്ഞു.
വൈറസ് ബാധയുണ്ടായാല്‍ രണ്ട് മുതല്‍ ഏഴ് ദിവസത്തിനകം പക്ഷികള്‍ക്ക് പനിബാധിക്കും. ഈ സമയപരിധി കഴിഞ്ഞതിനാല്‍ ഭയപ്പെടാനില്ലെങ്കിലും രണ്ടാഴ്ച കൂടി ഇവയെ നിരീക്ഷിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തുന്ന ദേശാടന പക്ഷികളെയും നിരീക്ഷിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങളടങ്ങിയ കിറ്റും മരുന്നുകളും തയ്യാറാക്കിയിട്ടുണ്ടെന്നും ഡി എം ഒ അറിയിച്ചു.
പഞ്ചായത്ത് തലത്തില്‍ മൃഗങ്ങളെയും പക്ഷികളെയും നിരീക്ഷിക്കുന്നതിനായി ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെയും വെറ്ററിനറി സര്‍ജന്‍മാരുമടങ്ങുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. എസ്.ബാബു അറിയിച്ചു. ഫാമുകളിലും വീടുകളിലും ഈ ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കും മറ്റുമായി വെറ്റിനറി സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനി ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. ഇ എം മുഹമ്മദ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.ശ്രീഷിത, ക്ഷീര വികസന വകുപ്പ് ഡെ.ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.