Connect with us

Ongoing News

ആദ്യ ടെസ്റ്റ് മുടങ്ങരുതെന്ന് ഹ്യൂസിന്റെ കുടുംബം

Published

|

Last Updated

അഡലെയ്ഡ്: ആസ്‌ത്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഹ്യൂസ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം. ബ്രിസ്ബനില്‍ അടുത്ത മാസം നാലിന് നിശ്ചയിച്ചപ്രകാരം ടെസ്റ്റ് പരമ്പര ആരംഭിക്കണമെന്നുള്ള കുടുംബത്തിന്റെ ആഗ്രഹം ദക്ഷിണ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സി ഇ ഒ കീത്ത് ബ്രാഡ്ഷാ മാധ്യമങ്ങളെ അറിയിച്ചു. ഫിലിപ് ഹ്യൂസിന്റെ ദാരുണാന്ത്യത്തിന്റെ ഞെട്ടലില്‍ നിന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ലോകം മുക്തരായിട്ടില്ല.
ഹ്യൂസ് പരുക്കേറ്റ് വീഴുമ്പോള്‍ ഗ്രൗണ്ടില്‍ അതിന് സാക്ഷിയായ നാല് പേര്‍ ആദ്യ ടെസ്റ്റിനുള്ള ഓസീസ് സ്‌ക്വാഡിലുള്ളവരാണ്. ഡേവിഡ് വാര്‍ണര്‍, ഷെയിന്‍ വാട്‌സന്‍, ബ്രാഡ് ഹാഡിന്‍, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്കിനിയും നടുക്കം മാറിയിട്ടില്ല. ഇവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കാന്‍ ക്രിക്കറ്റ് ആസ്‌ത്രേലിയ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ, ഇന്ത്യയുമായുള്ള രണ്ടാം സന്നാഹം ഉപേക്ഷിച്ച ആസ്‌ത്രേലിയ ആദ്യ ടെസ്റ്റും റദ്ദാക്കിയേക്കുമെന്ന ശ്രുതി പരന്നു.
പല കോണിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു. മുന്‍ താരങ്ങളായ ഇയാന്‍ ചാപ്പലും മാര്‍ക് ടെയ്‌ലറും ടെസ്റ്റ് മാറ്റിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു.
ഹ്യൂസിനുള്ള ഏറ്റവും മികച്ച ആദരാഞ്ജലിയാകട്ടെ ബ്രിസ്ബന്‍ ടെസ്റ്റെന്ന് മാര്‍ക് ടെയ്‌ലര്‍ പറഞ്ഞു. എന്നാല്‍, ഹ്യൂസിന്റെ കുടുംബം ബ്രിസ്ബന്‍ ടെസ്റ്റിന് പിന്തുണ നല്‍കിയതോടെ ക്രിക്കറ്റ് തുടരട്ടെ എന്ന സന്ദേശം കൈമാറപ്പെട്ടു.