തൊടികപ്പുലം പാലക്കുന്നിലെ ഹാഡ കുടിവെള്ള പദ്ധതി വിവാദത്തില്‍: പദ്ധതി നാട്ടുകാര്‍ തടഞ്ഞു

Posted on: November 29, 2014 9:10 am | Last updated: November 29, 2014 at 9:10 am

കാളികാവ്: പഞ്ചായത്തിലെ തൊടികപ്പുലം പാലക്കുന്നില്‍ ഹാഡ സ്‌കീമില്‍ ആരംഭിക്കുന്ന കുടിവെള്ള വിതരണ പദ്ധതി വിവാദത്തില്‍. പദ്ധതിക്കായി കിണര്‍ നിര്‍മിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ നടത്തും മുമ്പേ വിതരണ പൈപ് സ്ഥാപിക്കുന്നതിനുള്ള നടപടിയെ നാട്ടുകാര്‍ തടഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിലാണ് ഹാഡ പദ്ധതിയില്‍ പഞ്ചായത്തിലെ 17, 19 വാര്‍ഡുകളിലെ 162 കുടുംബങ്ങള്‍ക്കെന്ന പേരില്‍ പദ്ധതിയുടെ വിതരണ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചത്. 30 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ പ്രദേശത്ത്് കുടിവെള്ള പദ്ധതിക്കെതിരെ ഒട്ടേറെ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
മൂന്ന് മാസം മുമ്പ് 19-ാം വാര്‍ഡിലേക്ക് ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയില്‍ ഒരു കുടിവെള്ള പദ്ധതി അനുവദിച്ചിട്ടുണ്ടെന്നും ഇതിന് പിന്നാലെ വീണ്ടും ഇതേ പ്രദേശം കൂടി ഉള്‍പ്പെടുത്തി മറ്റൊരു പദ്ധതി ആരംഭിച്ചതിന് പിന്നില്‍ ദുരുദ്ദേശ്യങ്ങളുണ്ടെന്നാണ് പദ്ധതിക്കെതിരെ രംഗത്തു വന്ന നാട്ടുകാരില്‍ ഒരാളായ ലീഗ് പ്രവര്‍ത്തകന്‍ നീലേങ്ങാടന്‍ ജാഫര്‍ അടക്കമുള്ളവര്‍ പറയുന്നത്. 30 ലക്ഷം ചെലവഴിച്ചുള്ള പദ്ധതിയില്‍ 162 വീടുകളുണ്ടെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് പറയുന്നത്. എന്നാല്‍ പദ്ധതി പ്രദേശത്തെ മൂന്ന് സെന്റ് കോളനിയില്‍ ഇപ്പോള്‍ രണ്ട് താമസക്കാര്‍ മാത്രമേയുള്ളുവത്രേ.
84 വീടുകള്‍ ഉടന്‍ അനവദിക്കുമെന്നും പറയുന്നു. എന്നാല്‍ അതിനനുസൃതമായ വ്യാസത്തിലുള്ള പൈപ് സ്ഥാപിക്കാത്തതും ആക്ഷേപത്തിന് കാരണമായി. രണ്ട് ഇഞ്ച് വ്യാസം മാത്രമുള്ള പൈപ്പാണ് സ്ഥാപിച്ചിരക്കുന്നത്. ഇതും ആക്ഷേപത്തിനിടയാക്കിട്ടുണ്ട്.