Connect with us

Alappuzha

രണ്ടിടങ്ങളില്‍ താറാവുകളെ കൊന്നൊടുക്കി; കൂട്ടത്തോടെ ചാകുന്നത് തുടരുന്നു

Published

|

Last Updated

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ രണ്ടിടങ്ങളില്‍ താറാവുകളെ കൊന്നൊടുക്കല്‍ പൂര്‍ത്തിയായി.
അതിനിടെ ജില്ലയുടെ മറ്റിടങ്ങളിലും താറാവുകള്‍ കൂട്ടത്തോടെ ചാകുന്നത് കര്‍ഷകരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്ത്, കുട്ടനാട് താലൂക്കിലെ തലവടി എന്നിവിടങ്ങളിലാണ് താറാവുകളെ കൊന്നൊടുക്കല്‍ പൂര്‍ത്തിയായത്. ഇവിടങ്ങളിലെ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്നലെ വിതരണം ചെയ്തു. ജില്ലാ മൃഗസംരക്ഷണവകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരമായി 8.69 ലക്ഷം രൂപ കെ സി വേണുഗോപാല്‍ എം പി വിതരണം ചെയ്തു. തലവടിയിലെ കര്‍ഷകന്‍ കെ പി കുട്ടപ്പന്‍ എന്ന കുട്ടപ്പായിക്ക് 5.20 ലക്ഷത്തിന്റെയും പുറക്കാട് മലയില്‍ തെക്ക് പാടശേഖരത്തിലെ താറാവ് കര്‍ഷകനായ ചെന്നിത്തല ചൊവ്വാലില്‍ സി ഒ തോമസിന് 3.49 ലക്ഷം രൂപയുടെയും ചെക്കുകളാണ് വിതരണം ചെയ്തത്. ഇന്ന് മുതല്‍ താറാവുകളെ കൊല്ലുന്ന സ്ഥലത്ത് വെച്ച് തന്നെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം, തങ്ങള്‍ക്ക് ലഭിച്ചത് യഥാര്‍ഥ നഷ്ടപരിഹാരമല്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
തലവടിയില്‍ കുട്ടപ്പായിക്ക് പതിനായിരത്തോളവും പുറക്കാട് തോമസിന് ഒമ്പതിനായിരത്തോളവും താറാവുകളുണ്ടായിരുന്നു. നേരത്തെ ചത്ത താറാവുകള്‍ക്ക് കൂടി നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.താറാവുകളെ പൂര്‍ണമായും കൊന്നൊടുക്കിയ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ രണ്ടാം ഘട്ടമെന്ന നിലയില്‍ മറ്റു വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ അറിയിച്ചു. വീടുകളില്‍ കയറി വളര്‍ത്തുപക്ഷികളെ കൊല്ലുന്നതിന് ആരും തടസ്സം നില്‍ക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം പക്ഷിപ്പനി ബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊല്ലേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു. അതിനിടെ പക്ഷിപ്പനി ബാധിച്ച അഞ്ചിടങ്ങള്‍ക്ക് പുറമെ കൂടുതല്‍ പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നതായി റിപ്പോര്‍ട്ടുണ്ട്.
മാവേലിക്കര താലൂക്കിലെ ചെന്നിത്തല, മാന്നാര്‍, കാര്‍ത്തികപ്പള്ളി താലൂക്കിലെ ചെറുതന, കരുവാറ്റ, ആയാപറമ്പ് എന്നിവിടങ്ങളിലുമാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ചെന്നിത്തല തേവര്‍കാവ് ലിക്‌ടോ ഭവനില്‍ ജോസിന്റെ 28 ദിവസം പ്രായമായ രണ്ടായിരത്തോളം താറാവിന്‍ കുഞ്ഞുങ്ങളാണ് ചത്തത്. പതിനായിരത്തോളം കുഞ്ഞുങ്ങളെ വളര്‍ത്തുന്നവയില്‍ നിന്നാണ് രണ്ടായിരത്തോളം ഇപ്പോള്‍ ചത്തിരിക്കുന്നത്. ബാക്കിയുള്ള താറാവിന്‍ കുഞ്ഞുങ്ങൡ ചിലതിനും രോഗ ലക്ഷണങ്ങളുണ്ട്.
താറാവ് കര്‍ഷകയൂനിയന്‍ ജില്ലാ പ്രസിഡന്റ് ഗീവര്‍ഗീസ് കുഞ്ഞുകുട്ടിയുടെ രണ്ട് മാസം പ്രായമായ ആയിരത്തോളം കുഞ്ഞുങ്ങള്‍ ചത്തു. പതിമൂന്നായിരത്തോളം കുഞ്ഞുങ്ങളെയാണ് ഇവര്‍ വളര്‍ത്തി വരുന്നത്. മാന്നാര്‍ വിഷവര്‍ശേരിക്കര വളളവന്‍ തിട്ട പാടശേഖരത്തിലുള്ള തോട്ടുനിലത്തില്‍ സജിയുടെ 35 ദിവസം പ്രായമായ 200 ഓളം താറാവുകള്‍ ഇന്നലെ ചത്തു. കരുവറ്റ കന്നുകാലി പാലത്തിനു സമീപം എസ് എന്‍ കടവിലും ചെറുതന പഞ്ചായത്തിലെ ആയാപറമ്പത്തുമാണ് താറാവുകള്‍ ചത്തത്. കരുവറ്റ എസ് എന്‍ കടവില്‍ കൊച്ചുപറമ്പില്‍ ദേവരാജന്റെ ആയിരത്തോളം താറാവുകളാണ് ഏതാനം ദിവസങ്ങളിലായി ചത്തത്. പക്ഷിപ്പനി സ്ഥിരീകരിക്കുന്നതിന് മുമ്പാണ് കൂടുതലും ചത്തതെന്ന് ദേവരാജന്‍ പറഞ്ഞു.
നിരവധി താറാവുകള്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും കര്‍ഷകന്‍ പറഞ്ഞു. ഇവിടെ 25,000 ത്തോളം താറാവുകളാണുള്ളത്. ഇവിടങ്ങളിലെ ചത്ത താറാവുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനക്കയച്ചിരിക്കുകയാണെന്നും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ഇന്നലെ അഞ്ചിടങ്ങളിലായി അമ്പതിനായിരത്തോളം താറാവുകളെ കൊന്നു. 50 സംഘങ്ങളിലായി അഞ്ഞൂറോളം പേരടങ്ങുന്ന ദ്രുതകര്‍മസംഘമാണ് കൊന്നൊടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Latest