കൊല്ലത്തും പക്ഷിപ്പനി ഭീതി: സാമ്പിളുകള്‍ പരിശോധനക്കയച്ചു

Posted on: November 29, 2014 12:52 am | Last updated: November 28, 2014 at 11:52 pm

കൊല്ലം: കോട്ടയത്തും പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കൊല്ലത്തും പക്ഷിപ്പനി പടരുന്നതായി സംശയം. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നതാണ് പക്ഷിപ്പനി പടരുന്നുവെന്ന ആശങ്കക്ക് കാരണം.
ജില്ലയിലെ കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, കൊട്ടാരക്കര, മയ്യനാട്, നിലമേല്‍, ചടയമംഗലം, പെരിനാട്, മങ്ങാട്, കല്ലുംതാഴം, കരവാളൂര്‍, ആദിച്ചനല്ലൂര്‍, തൃക്കോവില്‍വട്ടം, പട്ടാഴി, പടിഞ്ഞാറെ കല്ലട, മണ്‍ട്രോത്തുരുത്ത്, കരുനാഗപ്പള്ളി തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് കോഴികളും താറാവുകളും ചത്തിട്ടുള്ളത്. പക്ഷികള്‍ ചത്തിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ മൂന്നെണ്ണം ബംഗളൂരു സതേണ്‍ റീജ്യനല്‍ ഡയഗ്‌നോസ്റ്റിക് ലാബിലേക്ക് (എസ് ആര്‍ ഡി എല്‍) വിശദമായ പരിശോധനക്ക് അയച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ലാബിലേക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളായിട്ട് ജില്ലയില്‍ നിന്ന് അയച്ച 46 സാമ്പിളുകളില്‍ മൂന്നെണ്ണത്തിലാണ് പക്ഷിപ്പനിയാണെന്ന സംശയം ബലപ്പെട്ടിരിക്കുന്നത്.
കൊല്ലത്തെ മയ്യനാട്, മങ്ങാട്, കൊട്ടാരക്കര പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് ബാധയുണ്ടെന്ന പ്രാഥമിക നിഗമനം. ബാക്കിയുള്ള 43 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. അതുകൊണ്ട് തന്നെ ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പക്ഷിപ്പനി ബാധിച്ചിട്ടല്ല കോഴികളും താറാവുകളും ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന വിശദീകരണം.
കൊട്ടാരക്കരയില്‍ നിന്ന് താറാവിന്റെയും മയ്യനാട്ടും മങ്ങാട്ടും നിന്ന് കോഴിയുടെയും സ്രവങ്ങള്‍ പരിശോധിച്ചതിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടത്. ബംഗളൂരു സതേണ്‍ റീജിനല്‍ ഡയഗ്‌നോസ്റ്റിക് ലാബിലേക്കയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭ്യമാകും. ഇത് ലഭ്യമായെങ്കിലേ ജില്ലയില്‍ പക്ഷിപ്പനി ഉണ്ടെന്ന് സ്ഥിരീകരിക്കാനാകൂ. അതേസമയം, പക്ഷിപ്പനി ഉണ്ടെന്ന സംശയം ബലപ്പെട്ടതോടെ തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേക്ക് പക്ഷികളെ കൊണ്ടുവരുന്നത് നിരോധിച്ചു.
ജില്ലയിയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ചെക്ക്‌പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ തെന്മല ചെക്ക്‌പോസ്റ്റുകളിലൂടെ കോഴികളെ കൊണ്ടുവരുന്നത് കൂടാതെ മുട്ടകളും വളത്തിനായി ഉപയോഗിക്കുന്ന പക്ഷി കാഷ്ടവും കൊണ്ട് വരുന്നതിനും നിരോധം ഏര്‍പ്പെടുത്തി.
മൃഗസംരക്ഷണ വകുപ്പും, ആരോഗ്യവകുപ്പും ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.