Connect with us

Eranakulam

കരിമണല്‍ ഖനനം സ്വകാര്യ മേഖലയിലേക്ക്‌

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനത്തിന് വഴിയൊരുങ്ങുന്നു. സ്വകാര്യ, സംയുക്ത മേഖലയില്‍ കരിമണല്‍ ഖനനത്തിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷകള്‍ ആറ് മാസത്തിനകം പരിഗണിച്ച് തീരുമാനമെടുക്കാനുള്ള 2013ലെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി. ഖനനം കേന്ദ്ര വിഷയമാണ്. കരിമണല്‍ ഖനനത്തില്‍ നിന്ന് സ്വകാര്യ മേഖലയെ മാറ്റിനിര്‍ത്താന്‍ അതിനാല്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ല. സ്വകാര്യ, സംയുക്ത മേഖലകളില്‍ ഖനനത്തിന് അനുമതി തേടി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ ആറ് മാസത്തിനകം സര്‍ക്കാര്‍ പരിഗണിക്കണമെന്നുമായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. ഈ ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ബാബുമാത്യു പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാര്‍ അപ്പീല്‍ തള്ളിയത്.

സംസ്ഥാന സര്‍ക്കാറിന് ഖനന നിയന്ത്രണ കാര്യത്തില്‍ പരിമിതമായ അധികാരങ്ങള്‍ മാത്രമാണുള്ളത്. ഖനനം സ്വകാര്യ, സംയുക്ത മേഖലകള്‍ക്ക് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയും സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതുമാണ്. ഇക്കാര്യത്തിലുള്ള കേന്ദ്ര നയത്തിന് വിരുദ്ധമാണ് സംസ്ഥാനത്തിന്റെ നയമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ നിലവിലുള്ള 29 അപേക്ഷകള്‍ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
സിംഗിള്‍ ബഞ്ചിന്റെ വിധി വന്ന് ഒന്നര വര്‍ഷത്തിന് ശേഷം സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ കാലതാമസം മാത്രം പരിഗണിച്ച് തള്ളാമെങ്കിലും അപേക്ഷയിലെ വസ്തുതകളും സിംഗിള്‍ ബഞ്ച് ഉത്തരവിന്റെ സാധുതയുമെല്ലാം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി. 2013 ഫെബ്രുവരി 21ന് സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ ഒന്നര വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീല്‍ സമര്‍പ്പിക്കുന്നതിനുണ്ടായ കാലതാമസം മാപ്പാക്കുന്നതിനുള്ള പ്രത്യേക അപേക്ഷയും അപ്പീലിനൊപ്പം കോടതി തള്ളി. കാലതാമസം മാപ്പാക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
കേരള റെയര്‍ എര്‍ത്ത്‌സ് ആന്‍ഡ് മിനറല്‍സും മറ്റ് രണ്ട് കമ്പനികളും സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഖനനത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടത്. ആറാട്ടുപുഴ വില്ലേജില്‍ പെടുന്ന ആറാട്ടുപുഴ, പുറക്കാട്, ആലപ്പാട് പ്രദേശങ്ങളില്‍ നിന്നും ഖനനത്തിന് അനുമതി നല്‍കണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. എന്നാല്‍ കായല്‍, കടല്‍ പുറമ്പോക്കുകള്‍ സര്‍ക്കാറിന്റെ അധീനതയിലുള്ളതായതിനാല്‍ ഖനനത്തിന് അനുമതി നല്‍കാനാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കൂടാതെ ഖനനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ജനസാന്ദ്രതയേറിയ പ്രദേശമാണ് ഖനന പ്രദേശമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഖനനാനുമതി റദ്ദാക്കി.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചതിനെ തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഖനനാനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിച്ച സര്‍ക്കാര്‍ വീണ്ടും അപേക്ഷകള്‍ നിരസിച്ചു. ഇതിന് ശേഷമാണ് സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Latest