സെക്രട്ടറിതല ചര്‍ച്ചകള്‍ ഇന്ത്യ ഉപേക്ഷിക്കരുതായിരുന്നു: പാക്കിസ്ഥാന്‍

Posted on: November 29, 2014 12:39 am | Last updated: November 28, 2014 at 11:40 pm

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള സംഭാഷണത്തിന് മുമ്പ് കാശ്മീരി നേതാക്കളുമായി പാക്കിസ്ഥാന്‍ കൂടിയാലോചന നടത്തുന്നത് പുതിയ കാര്യമല്ലെന്നും , അതുകൊണ്ട് അതിന്റെ പേരില്‍ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ ഇന്ത്യ ഉപേക്ഷിക്കരുതായിരുന്നുവെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അഭിപ്രായപ്പെട്ടു.
‘മുമ്പ് എപ്പോഴൊക്കെ ഇന്ത്യ- പാക്കിസ്ഥാന്‍ സംഭാഷണം നടന്നിട്ടുണ്ടോ അന്നെല്ലാം ഞങ്ങള്‍ കാശ്മീരി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമായും കാശ്മീരികളെ ബാധിക്കുന്ന വിഷയത്തില്‍ അവരുടെ അഭിപ്രായം ആരായുന്നതില്‍ പുതുമയൊന്നുമില്ല’ – സാര്‍ക്ക് ഉച്ചകോടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോള്‍ വിമാനത്തില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവേ നവാസ് ശരീഫ് പറഞ്ഞു.
ന്യൂഡല്‍ഹിയിലെ പാക്ക് ഹൈകമ്മീഷണര്‍ കാശ്മീരി വിഘടനവാദി നേതാക്കളുമായി കൂടിയാലോചന നടത്തിയതിനെ തുടര്‍ന്ന്, സെപ്തംബറില്‍ ഇസ്‌ലാമാബാദില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ- പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കാനായി ഡല്‍ഹിയിലെത്തിയ പാക് പ്രധാനമന്ത്രി ശരീഫുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന പ്രതീക്ഷയും ഉയര്‍ന്നിരുന്നു.
പരസ്പര ബഹുമാനവും, മാന്യതയും ആത്മാഭിമാന ബോധവും നിലനിര്‍ത്തിക്കൊണ്ടുവേണം സംഭാഷണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അതിന് ശേഷമാണ് പാക് ഹൈക്കമ്മീഷണര്‍ കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. ഈ നടപടിയെ ഇന്ത്യ ശക്തിയായി അപലപിച്ചിരുന്നു. മാത്രമല്ല, വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറുകയും ചെയ്തു.
സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇരു നേതാക്കളും കാഠ്മണ്ഡുവിലെത്തിയപ്പോള്‍ ബന്ധങ്ങളിലുണ്ടായ അകല്‍ച്ച ഏറെ പ്രകടമാകുകയും ചെയ്തു. കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത്, എല്ലാം ഒരു ഹസ്തദാനത്തില്‍ ഒതുങ്ങി.