ചവറില്‍ നിന്ന് മാണിക്യം; പ്ലാസ്റ്റിക് മാലിന്യ സംസ്്കരണ ത്തിന് പുത്തന്‍ മാതൃക

Posted on: November 29, 2014 6:00 am | Last updated: November 28, 2014 at 11:35 pm

13തിരൂര്‍: ചവറില്‍ നിന്ന് മാണിക്യം എങ്ങിനെ കണ്ടെത്താമെന്നാണ് ഈ പെണ്‍കുട്ടികള്‍ പറയുന്നത്. പള്ളിക്കൂടത്തില്‍ നിന്ന് യാദൃച്ഛികമായി ലഭിച്ച അറിവ് സമൂഹത്തിന് മുന്നിലെത്തിക്കുകയാണ് എടരിക്കോട് പി കെ എം എച്ച് എസ് എസിലെ ശദ ശഫ്‌നയും ശദയും. സര്‍ക്കാറിന് വരെ വെല്ലുവിളിയാക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് ഇവര്‍ പറയുന്നു. മാലിന്യ സംസ്‌കരണം മാത്രമല്ല ഇവരുടെ ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതോടൊപ്പം ഡിസലും പെട്രോളും ആസിഡും ലഭിക്കുന്ന ഉപകരണമാണ് ഇവര്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. പ്ലാസ്്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ടാങ്കില്‍ നിന്ന് സംസ്‌കരണ ശേഷം ചാര്‍കോള്‍ ബോക്‌സിലേക്ക് പാസ് ചെയ്യുന്ന വാതകമാണ് പിന്നീട് ഡീസലും പെട്രോളുമായി മാറുക. ഗ്യാസ് ഉപയോഗിച്ചാണ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത്. പ്ലാസ്റ്റിക് എന്ന വില്ലനെ പൂര്‍ണമായും ഇല്ലാതാക്കാമെന്ന് മാത്രമല്ല, സംസ്‌കരിച്ചതിന് ശേഷം ലഭിക്കുന്ന അവശിഷ്ടങ്ങള്‍ റോഡ് ടാറിംഗിന് ഉപയോഗപ്പെടുത്തുകയും ചെയ്യാം. സ്‌കൂളില്‍ നടന്ന ഡ്രൈ ഡേ ആചരണത്തില്‍ ഇവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട മാലിന്യക്കൂമ്പാരമാണ് ഇവരെ ഇത്തരെമൊരു കണ്ടെത്തലിന് പ്രേരിപ്പിച്ചത്.