വൈകല്യങ്ങളുള്ളവരോട് ശാസ്‌ത്രോത്സവത്തിലും അവഗണന

Posted on: November 28, 2014 4:43 am | Last updated: November 27, 2014 at 11:44 pm

shasthrolsaveതിരൂര്‍: കാഴ്ചയില്ലാത്തവരും സംസാര ശേഷിയില്ലാത്തവരുമായതു കൊണ്ടാണോ ഇവരോട് ഈ അവണന? ഈ കുട്ടികളോട് ഇത് വേണ്ടായിരുന്നു. ഇന്നലെ സംസ്ഥാന ശാസ്‌ത്രോത്സവ വേദിയില്‍ നിന്ന് ഉയര്‍ന്ന കമന്റുകളായിരുന്നു ഇത്. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലെ തത്സമയ നിര്‍മാണ മത്സരത്തില്‍ പങ്കെടുത്ത അന്ധ, ബധിര വിദ്യാര്‍ഥികളോടാണ് അധികൃതര്‍ അവഗണന കാണിച്ചത്.
ബധിര വിദ്യാര്‍ഥികളുടെ മുത്തുകള്‍കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിര്‍മാണം, പാഴ് വസ്തുക്കള്‍ കൊണ്ടുളള ഉത്പന്നങ്ങളുടെയും വസ്ത്രം, ചന്ദനത്തിരി, എംബ്രോയിഡറി വര്‍ക്കിംഗ് തുടങ്ങിയ മത്സരങ്ങളെല്ലാം നടന്നത് സ്‌കൂള്‍ വരാന്തയില്‍ തിങ്ങി ഞെരുങ്ങിയായിരുന്നു. ആലത്തിയൂര്‍ കെ എച്ച് എം എച്ച് എസ് എസിലെ കെട്ടിടത്തിലെ മുകള്‍ നിലയിലും കോണിപ്പടിയിലും ഇരുന്നാണ് കുട്ടികള്‍ മത്സരം പൂര്‍ത്തിയാക്കിയത്. വെളിച്ചവും വെള്ളവും ലഭിക്കാതെ മത്സരം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍ നന്നേ വിയര്‍ത്തു. ഇതുകൂടാതെ മൂല്യനിര്‍ണയം നടത്താന്‍ വിധി കര്‍ത്താക്കള്‍ എത്തിയത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞും. ഒരു മണിക്ക് സമാപിച്ച മത്സരത്തിന് വിധി നിര്‍ണയിക്കാനെത്തിയത് വൈകുന്നേരം നാല് മണിക്ക്. ഈ സമയം സാധാരണ വിദ്യാര്‍ഥികള്‍ മത്സരവും മൂല്യനിര്‍ണയവും കഴിഞ്ഞ് വീടുകളിലെത്തിയിരുന്നു. അന്ധ വിദ്യാര്‍ഥികളുടെ ചവിട്ടിനിര്‍മാണം, വെജിറ്റബിള്‍ പെയ്ന്റിംഗ് എന്നിവയില്‍ മത്സരിച്ചവരും ഗ്രൗണ്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വൈകുന്നേരം നാല് മണിയായിരുന്നു.
വിധി നിര്‍ണയം കഴിഞ്ഞത് ഇന്‍വിജിലേറ്റര്‍മാര്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ അറിയിക്കാത്തതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വരാതിരുന്നതാണ് വിദ്യാര്‍ഥികളുടെ കാത്തിരിപ്പ് നീളാനിടയാക്കിയത്. ഇത് അധ്യാപകരും ശാസ്‌ത്രോത്സവ കമ്മിറ്റി സംഘാടകരും തമ്മില്‍ ഏറെ നേരത്തെ വാക്ക് തര്‍ക്കത്തിനിടയാക്കുകയും ചെയ്തു. മത്സരം തുടങ്ങിയത് രാവിലെ പത്ത് മണിക്കായിരുന്നുവെങ്കിലും എട്ട് മണി മുതല്‍ വിദ്യാര്‍ഥികള്‍ സ്‌പോട്ടിലെത്തി കാത്ത് നില്‍പ്പ് തുടങ്ങിയിരുന്നു. സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന്റെ വിധി നിര്‍ണയവും വൈകുന്നേരം അഞ്ച് മണിയോടെയാണ് നടന്നത്. ഇതും പ്രതിഷേധത്തിനിടയാക്കി.
ട്രെയിന്‍ വഴി വിദൂര ജില്ലകളില്‍ നിന്നെത്തിയ കുട്ടികളും അധ്യാപകരുമാണ് വലഞ്ഞത്. വിധികര്‍ത്താക്കള്‍ക്ക് മത്സരം തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും സ്‌കോര്‍ ഷീറ്റ് നല്‍കിയില്ലെന്നും പരാതി ഉയര്‍ന്നു. മത്സരം തുടങ്ങുന്ന ദിവസവും സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടത്തിയത് രാത്രി പത്ത് മണിയോടെയായിരുന്നു.