സ്‌കൂള്‍ ശാസ്‌ത്രോല്‍വം:കൊച്ചു ആശാരിയായി അഭിജിത്ത്

Posted on: November 28, 2014 5:40 am | Last updated: November 27, 2014 at 11:42 pm

09തിരൂര്‍: മര ഉത്പന്നങ്ങളുടെ നിര്‍മാണ പ്രദര്‍ശനത്തില്‍ കസേരയും ടീപ്പോയിയും നിര്‍മിച്ച് കൊച്ചു അഭിജിത്ത്. യു പി വിഭാഗം വുഡ് വര്‍ക്‌സ് വിഭാഗത്തിലായിരുന്നു മനോഹരമായ രീതിയില്‍ ഇവ നിര്‍മിച്ചെടുത്തത്. തഴക്കവും വഴക്കവും വന്ന ആശാരിയെപ്പോലെ ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്നത് കാണാന്‍ നൂറ് കണക്കിന് പേര്‍ ചുറ്റുംകൂടി. കാസര്‍കോട് ജില്ലയിലെ കൂട്ടക്കനി ജി യു പി എസിലെ സി അഭിജിത്താണ് കൊച്ചുകൈകളാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഇവ നിര്‍മിച്ചെടുത്തത്.
പ്ലാവും മഹാഗണിയും ഉപയോഗിച്ചായിരുന്നു നിര്‍മാണം. മൂന്നാം ക്ലാസ് മുതല്‍ ശാസ്ത്രമേളയില്‍ മത്സരിക്കുന്ന അഭിജിത്തിനെ അമ്മാവന്‍ ബാബുവാണ് ആശാരിപ്പണി പഠിപ്പിച്ചത്. സഹോദരന്‍ ഒമ്പതാം ക്ലാസുകാരനായ രഞ്ജീഷും ഈ ഇനത്തില്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കാറുണ്ട്. മറ്റൊരു സഹോദരന്‍ ഗള്‍ഫില്‍ മരപ്പണിക്കാരനായി ജോലി ചെയ്യുന്നുമുണ്ട്. പത്മനാഭന്റെയും മല്ലികയുടെയും മകനാണ് ഈ ഏഴാംക്ലാസുകാരന്‍.