മര്‍കസ് സമ്മേളനം; എക്‌സ്‌പോ ഡിസംബര്‍ 16 ന് തുടങ്ങും

Posted on: November 28, 2014 5:35 am | Last updated: November 27, 2014 at 11:36 pm

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് മുപ്പത്തിയേഴാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന എക്‌സ്‌പോ ഡിസംബര്‍ 16ന് തുടങ്ങും. ഡിസംബര്‍ 21 വരെയാണ് എക്‌സ്‌പോ.
കാര്‍ഷികം 14, ടെക്‌നോ ഫെസ്റ്റ്, ജനറല്‍ എക്‌സിബിഷന്‍ എന്നീ വിഭാഗങ്ങളിലായാണ് എക്‌സ്‌പോ തയ്യാറാക്കിയിരിക്കുന്നത്. ആധുനിക കാര്‍ഷിക രീതികള്‍, യന്ത്രങ്ങള്‍, വളര്‍ത്തു പക്ഷികള്‍, മൃഗങ്ങളും പരിപാലന രീതികളും കേരളീയ കാര്‍ഷിക പൈതൃകത്തെ ദൃശ്യവത്കരിക്കുന്ന പവലിയനുകളും സെമിനാറുകളും എക്‌സ്‌പോയുടെ പ്രത്യേകതയാണ്.
കൂടാതെ മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന മുന്‍നിര കമ്പനികളുടെ സ്റ്റാളുകളും എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്. ഹോം അപ്ലയന്‍സസ്, ഫര്‍ണിച്ചര്‍ ഇലക്‌ട്രോണിക്‌സ്, എന്‍ജിനീയറിംഗ് തുടങ്ങി നിരവധി മേഖലകളെ പ്രതിനിധീകരിക്കുന്ന കൊമേഴ്‌സ്യല്‍ സ്റ്റാളുകളും ഉണ്ടാകും.
വാഹനപ്രേമികളെ ആകര്‍ഷിക്കുന്ന പ്രമുഖ വാഹന നിര്‍മാതാക്കളുടെ സ്റ്റാളുകളും എക്‌സ്‌പോയുടെ ഭാഗമായിരിക്കും. അപൂര്‍വങ്ങളായ വിന്റേജ് കാറുകള്‍, മേല്‍ത്തരം ലക്ഷ്വറി കാറുകള്‍ കൂടാതെ ആധുനിക വാസ്തു ശില്‍പ രീതികള്‍, വാര്‍ത്താവിനിമയ രംഗത്തെ നൂതന ഉപകരണങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ കൃഷിയോടു താത്പര്യം വളര്‍ത്താനായി ശനിയാഴ്ചകളില്‍ ട്രെയിനിംഗ് നല്‍കുമെന്നും മര്‍കസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എക്‌സ്‌പോ ചീഫ് കോ ഓഡിനേറ്റര്‍ മുഹമ്മദ് ബുസ്താനി, എം ഐ ഇ ടി അക്കാദമിക് ഡയറക്ടര്‍ ഷമീര്‍ നൂര്‍ മുഹമ്മദ്, എം ഐ ഇ ടി കോ ഓഡിനേറ്റര്‍ ഷമീബ് അലി, എന്‍ എം സമീര്‍, നൗഫല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.