വനിതാപോലീസ് ശാക്തീകരണം: ദ്വിദിന ദേശീയ സെമിനാര്‍ തുടങ്ങി

Posted on: November 28, 2014 4:33 am | Last updated: November 27, 2014 at 11:34 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാപോലീസിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് കേരളാ പോലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത് ആരംഭിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 2016 ഓടെ സംസ്ഥാന പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം പത്ത് ശതമാനമായി ഉയര്‍ത്തുന്ന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഇനിമുതല്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ നടത്തും. റിക്രൂട്ട്‌മെന്റ് പുരുഷന്‍മാര്‍ക്ക് മാത്രമെന്ന കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ നിബന്ധനയില്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ഭേദഗതി വരുത്തിയിട്ടുണ്ട്. സ്ത്രീസുരക്ഷക്ക് ആഭ്യന്തരവകുപ്പും സര്‍ക്കാരും പ്രത്യേക പരിഗണനനല്‍കും. സ്ത്രീസുരക്ഷ ലക്ഷ്യമാക്കി സര്‍ക്കാര്‍ ആരംഭിച്ച നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി കൂടുതല്‍ വിപുലമാക്കും. സംസ്ഥാനത്ത് പുതുതായി ആറ് വനിതാ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങും. ഇതില്‍ ആദ്യത്തേത് നാളെ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം 250 വനിതാ പോലീസുകാരെ നിയമിച്ചു. 60 വനിത എസ് ഐമാരെ നേരിട്ട് റിക്രൂട്ട് ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ശ്വേതാമേനോന്‍ വിശിഷ്ടാതിഥിയായിരുന്നു. കമ്മ്യൂനിറ്റി പോലീസിംഗ് ആന്‍ഡ് ജന്‍ഡര്‍ ജസ്റ്റിസ് ഡി ജി പി എം എന്‍ കൃഷ്ണമൂര്‍ത്തി, ജയില്‍ ഡി ജി പി. ടി പി സെന്‍കുമാര്‍, ദക്ഷിണമേഖല എ ഡി ജി പി. കെ പത്മകുമാര്‍, വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷ അഡ്വ. പി കുല്‍സു, തീരദേശ സുരക്ഷ എ ഐ ജി ഉമ ബെഹ്‌റ സംസാരിച്ചു.
തുടര്‍ന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവര്‍ (നിയമപരിഷ്‌കരണവും സ്ത്രീകള്‍ക്കെതിരെ തുടരുന്ന അതിക്രമങ്ങളും), സാമൂഹികശാസ്ത്രജ്ഞയും ചരിത്രകാരിയുമായ ഡോ. ജെ ദേവിക (സ്ത്രീ ശാക്തീകരണം- ബഹുമുഖ സമീപനങ്ങള്‍), ഗതാഗത കമ്മീഷനര്‍ ആര്‍ ശ്രീലേഖ (കമ്യൂനിറ്റി പോലീസിംഗിലെ വനിതാ പോലീസിന്റെ പങ്ക്) സാമൂഹിക പ്രവര്‍ത്തകരായ കവിത, ബന്‍വാരി ദേവി (തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സെഷനുകളും ഡോ. തങ്കം, ഡോ. രമാമഹേശ്വരി, ഡോ. രമ്യ പ്രകാശ്, ഡോ. ആശാ അര്‍ജുനന്‍, ഡോ. മാലു റാഫി, ഡോ. സിന്ധു, ശോഭന, രാജശ്രീ വാര്യര്‍ എന്നിവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചകള്‍ നടന്നു. ഇന്ന് ഇന്‍ഫോസിസിലെ ശ്രുതി കാമത്ത് (സെബര്‍ കുറ്റകൃത്യങ്ങളും പരിഹാരവും), സാമൂഹിക പ്രവര്‍ത്തക ദയാ ഭായി (പട്ടികവര്‍ഗ മേഖലകളിലെ വനിതാ നിയമപാലകരുടെ കര്‍ത്തവ്യങ്ങള്‍), ഉന്നത പോലീസ് ഉദ്യോഗസ്ഥരായ തിലോത്തമ വര്‍മ (അതിക്രമങ്ങള്‍ക്കിരയായ വനിതകളുമായുള്ള ഇടപെടലിന്റെ സമീപനങ്ങള്‍), പ്രദന്യ സരവദ (സൈബര്‍ ലോകവും സ്ത്രീകളും), സ്വപ്‌ന ജോര്‍ജ് (കുടുംബശ്രീയും ക്രൈം മാപ്പിംഗും), ആസ്സാം സന്നദ്ധ പ്രവര്‍ത്തക ശോഭന (സഹാനുഭൂതിയോടുകൂടിയ മാനവിക ഇടപെടലുകള്‍) എന്നീ സെഷനുകള്‍ അരങ്ങേറും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ. കെ ചന്ദ്രിക, സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്‍, എ ഡി ജി പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഐ ജി മനോജ് എബ്രഹാം, ഡി സി പി അജീതാ ബീഗം സംബന്ധിക്കും.