വിമാനത്താവളത്തിന്റെ പേരുമാറ്റം: രാജ്യസഭയില്‍ കോണ്‍ഗ്രസ് ബഹളം

Posted on: November 28, 2014 5:20 am | Last updated: November 27, 2014 at 11:21 pm

ന്യൂഡല്‍ഹി: ഹൈദരാബാദ് ആഭ്യന്തര വിമാനത്താവളത്തിന്റെ പുനര്‍നാമകരണം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വെച്ചു. ‘എന്‍ ടി രാമറാവു ഡൊമസ്റ്റിക് ടെര്‍മിനല്‍’ എന്ന് പുനര്‍നാമകരണം ചെയ്ത വിമാനത്താവളത്തിന് രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള അംഗം വി ഹനുമന്ത റാവു ആവശ്യപ്പെട്ടു. സഭ ചേര്‍ന്ന ഉടനെയായിരുന്നു റാവുവിന്റെ ആവശ്യം. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും വിഷയം ഏറ്റെടുത്തതോടെ സഭയില്‍ ബഹളമായി.
എന്നാല്‍, ഇതേ ചോദ്യം കഴിഞ്ഞ ദിവസം രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവ് ആനന്ദ്ശര്‍മ ഉന്നയിച്ചതാണെന്നും അതിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി നല്‍കിയതാണെന്നും ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ അറിയിച്ചു. ശൂന്യവേളയില്‍ ഇതേ ആവശ്യം വീണ്ടും ഉന്നയിക്കാന്‍ അവസരം നല്‍കാന്‍ കഴിയില്ല. വിഷയം വീണ്ടും ഉന്നയിക്കണമെങ്കില്‍ ആവശ്യമായ നോട്ടീസ് നല്‍കണമെന്നും ഉപാധ്യക്ഷന്‍ കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു. എന്നിട്ടും അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് സഭ പത്ത് മിനുട്ട് നിര്‍ത്തിവെക്കുന്നതായി പി ജെ കുര്യന്‍ അറിയിക്കുകയായിരുന്നു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഇതേ വിഷയത്തില്‍ വീണ്ടും ബഹളമുണ്ടായതിനെ തുടര്‍ന്ന് പത്ത് മിനുട്ട് നേരം പിന്നെയും സഭ നിര്‍ത്തിവെച്ചു.
ആന്ധ്രാ പ്രദേശില്‍ അധികാരത്തിലിരിക്കുന്ന തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) യുടെ സ്ഥാപക നേതാവായ എന്‍ ടി രാമറാവുവിന്റെ പേര് വിമാനത്താവളത്തിന് നല്‍കിയതിലാണ് പ്രതിഷേധം ഉയരുന്നത്. നേരത്തെ ഈ വിമാനത്താവളം രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു. ടി ഡി പി ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ മുന്നണിയിലെ സഖ്യകക്ഷിയുമാണ്. ടി ഡി പി അംഗം അശോക് ഗജ്പതി റാവുവാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി.