പട്ടിക്കൂട് മാതൃകകള്‍

Posted on: November 28, 2014 4:00 am | Last updated: November 27, 2014 at 10:14 pm

സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ ക്രൂരതക്ക് വിധേയരാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. കുടപ്പനക്കുന്ന് ജവഹര്‍ ഇഗഌഷ് മീഡിയം സ്‌കൂളില്‍ സഹപാഠിയോട് സംസാരിച്ചതിന് യു കെ ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം കോളിളക്കം സൃഷ്ടിക്കുകയും കേരളീയ സമൂഹമൊന്നാകെ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ക്ക് അറുതി വരുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണ് അടുത്ത ദിവസങ്ങളില്‍ പുറത്തു വന്ന ചില വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നത്. തൊടുപുഴ വണ്ണപ്പുറത്തെ സ്വകാര്യസ്‌കൂളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു സംഭവം. നാളികേരം മോഷ്ടിച്ചതായി ആരോപിച്ച് സ്ഥാപനത്തിലെ നാല് വിദ്യാര്‍ഥികളെ അധ്യാപകന്‍ വീട്ടില്‍ പൂട്ടിയിടുകയും പട്ടിയെ അഴിച്ചുവിട്ട് ഭയപ്പെടുത്തുകയുമുണ്ടായി. സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ താമസിക്കുന്ന നാലും അഞ്ചും ക്ലാസുകളില്‍ പഠിക്കുന്ന ഈ കുട്ടികളെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു പോലീസ് എത്തിയാണ് മോചിപ്പിച്ചത്. പെരുമ്പിലാവിലെ ഒരു ഇംഗ്ലീഷ് സ്‌കൂളിലെ അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥിയുടെ കൈ അധ്യാപിക തല്ലിയൊടിച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ്. വേദന കൊണ്ട് പുളഞ്ഞ കുട്ടിയുടെ മുഖത്ത് അധ്യാപിക അടിക്കുകയും ചെവിക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തുവത്രെ. വിദ്യാര്‍ഥി സംശയം ചോദിച്ചതില്‍ കലി പൂണ്ടായിരുന്നു ഈ ക്രൂരത.
വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീട്ടിലെന്ന പോലെ സുരക്ഷിതത്വം ലഭിച്ചിരുന്നു മുന്‍കാലങ്ങളില്‍. ഔപചാരികതക്കപ്പുറം ഗുരുശിഷ്യ ബന്ധം സുദൃഢവും പിതൃ-പുത്ര ബന്ധത്തിന് സമാനവുമായിരുന്നു അന്ന്. നിലവില്‍ ഇത് തികച്ചു യാന്ത്രികമായി മാറിക്കൊണ്ടിരിക്കുകയാണ്. അധ്യാപകരില്‍ പലര്‍ക്കും മാനുഷികത നഷ്ടമാകുകയും സാമൂഹിക പ്രതിബദ്ധത കുറയുകയും ചെയ്തു. ശിഷ്യന്മാരോട് സ്‌നേഹ മസൃണമായ സമീപനല്ല ഇത്തരക്കാരില്‍ നിന്ന് പ്രകടമാകുന്നത്. പാഠപുസ്തകങ്ങളിലെ കാര്യങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ച്, പരീക്ഷയില്‍ വിജയിപ്പിച്ചു സ്‌കൂളിന് സത്‌പേര് നേടിക്കൊടുക്കുന്നതില്‍ പരിമിതമാണ് പലരുടെയും അധ്യാപന ചുമതല. അതിലുപരി നാളെയുടെ നല്ല പൗരന്മാരായി ശിഷ്യരെ വളര്‍ത്തിയെടുക്കേണ്ട ധാര്‍മികബാധ്യത തങ്ങള്‍ക്കുണ്ടെന്ന വസ്തുത അവര്‍ വിസ്മരിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്കു പോലും കൊച്ചു കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്നതും പീഡിപ്പിക്കുന്നതും ശിഷ്യകള്‍ക്ക് നേരെ കാമഭ്രാന്തുമായി ചാടിവീഴുന്നതുമെല്ലാം അധ്യാപക സമൂഹത്തില്‍ സംഭവിച്ച ധാര്‍മിക സദാചാര തകര്‍ച്ചയും അധ്യാപക വൃത്തിയുടെ പവിത്രതക്ക് സംഭവിച്ച ക്ഷതവും മൂലവുമാണ്. മാത്രമല്ല, സ്‌കൂള്‍ നടത്തിപ്പുകാരുടെയും വിദ്യാഭ്യാസത്തിന്റെ തന്നെയും അര്‍ഥതലങ്ങള്‍ക്ക് പരിണാമം സംഭവിച്ചിരിക്കുകയാണല്ലോ ഇന്ന്. വിദ്യാലയങ്ങള്‍ വാണിജ്യസ്ഥാപനങ്ങളും വിദ്യാഭ്യാസം കച്ചവടച്ചരക്കും അധ്യാപനം കേവലം തൊഴിലുമായി മാറിക്കഴിഞ്ഞു.
സ്‌നേഹവും പിതൃതുല്യമായ പെരുമാറ്റവുമാണ് അധ്യാപകരില്‍ നിന്ന് കുട്ടി പ്രതീക്ഷിക്കുന്നത്. ഇതുവഴി കുട്ടികളുടെ സ്‌നേഹം ആര്‍ജിക്കുമ്പോഴാണ് ഉത്തമ സ്വഭാവത്തിലും ചിട്ടയായ ജീവിത ചര്യയിലുമായി അവരെ വളര്‍ത്തിയെടുക്കാനാകുന്നത്. തെറ്റുകള്‍ മനുഷ്യസഹജമാണ്, ബുദ്ധി പാകപ്പെടാത്ത ചെറുപ്രായത്തില്‍ പ്രത്യേകിച്ചും. വിദ്യാര്‍ഥികളില്‍ ചെറിയ പാകപ്പിഴ കണ്ടാല്‍, സിംഹത്തെ പോലെ അവര്‍ക്കു നേരെ ചാടിവീഴുകയോ കൊടുവാളെടുക്കുകയോ അല്ല വേണ്ടത്, ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കുകയാണ്. ഇളം പ്രായത്തില്‍ ഏല്‍ക്കുന്ന പീഡനങ്ങള്‍ കുട്ടികളുടെ മനസ്സിന് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും മാനസിക വൈകല്യങ്ങള്‍ വരെ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് മനഃശാസ്ത്ര മതം. ഒരു കൊച്ചു വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടയ്ക്കുകയും പട്ടിയെ അഴിച്ചുവിട്ടു ഭീതിയിലാഴ്ത്തുകയും ചെയ്യുമ്പോള്‍ അവനുണ്ടാകുന്ന മാനസികാവസ്ഥയും അരക്ഷിത ബോധവും ഊഹിക്കാവുന്നതേയുളളു. ഇത്തരം ക്രൂരമായ ശിക്ഷക്ക് തുനിയുമ്പോള്‍, സ്വന്തം മക്കളാണ് ഈ കുട്ടിയുടെ സ്ഥാനത്തെങ്കില്‍ എന്ന് അധ്യാപകര്‍ ആലോചിക്കുന്നത് നന്ന്. പലപ്പോഴും സാഹചര്യത്തിന്റെ സമ്മര്‍ദം മൂലമായിരിക്കും കുട്ടികള്‍ തെറ്റ് ചെയ്യുന്നത്. ശാന്തമായ അന്തരീക്ഷത്തില്‍ അവരെ ചോദ്യം ചെയ്യുമ്പോഴേ ഇത് മനസ്സിലാക്കാനാകൂ. ശകാര വര്‍ഷവും മര്‍ദനങ്ങളും പീഡനങ്ങളും തെറ്റില്‍ നിന്ന് താത്കാലികമായി തടഞ്ഞുനിര്‍ത്താന്‍ സഹായിച്ചേക്കാമെങ്കിലും സാഹചര്യം മാറിയാല്‍ അവര്‍ വീണ്ടും തെറ്റിലേക്ക് വഴുതിവീഴും. ചെയ്തുപോയ തെറ്റിന്റെ ഗൗരവം സ്‌നേഹത്തോടെ ഉപദേശിച്ചു ബോധ്യപ്പെടുത്തുമ്പോഴാണ് അതില്‍ നിന്നവര്‍ പൂര്‍ണമായി പിന്തിരിയുന്നത്. നിസ്സാര കാര്യങ്ങള്‍ക്ക് ക്രൂരമായി മര്‍ദിക്കുന്നതും നിരന്തരം പീഡിപ്പിക്കുന്നതും വിപരിതഫലമേ ഉളവാക്കൂ. വിദ്യാര്‍ഥികളോട് സ്വപിതാവിനെ പോലെ പെരുമാറുന്നവരും മാതൃകാപരമായി വളര്‍ത്തിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവരുമുണ്ട്, ചുരുക്കമെങ്കിലും ഇന്നും അധ്യാപകര്‍ക്കിടയില്‍. ഇവര്‍ക്കുകൂടി ദുഷ്‌പേര് വരുത്തുകയാണ് മര്‍ദക വീരന്മാരായ അധ്യാപകര്‍.