Health
എച്ച്5 എന്‍1 എന്നാല്‍
പക്ഷികളില്‍ നിന്ന് മനുഷ്യരെ മാരകമായി ബാധിക്കുന്നതായി കണ്ടെത്തിയ ആദ്യ വൈറസാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5 എന്‍1. പന്നിപ്പനി, ഏഷ്യന്‍ ഫഌ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ വൈറസിന്റെ വകഭേദമാണിത്. 1997ല്‍ ഹോങ്കോംഗിലാണ് ഇതേ വൈറസ് പടര്‍ന്നുപിടിച്ചത്. അന്നാണ് ഈ വൈറസ് വകഭേദം മനുഷ്യനെ ബാധിക്കുന്നതായി ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് പല തവണ ഈ രോഗം ഏഷ്യന്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായി.
2003, 2004 വര്‍ഷങ്ങളില്‍ ഏഷ്യക്കു പുറമെ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും ഇതേ വൈറസ് പടര്‍ന്നുപിടിച്ചു. പക്ഷിപ്പനി ചെറുക്കാന്‍ വിവിധ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കോഴികളെയും താറാവുകളെയുമാണ് പോയ വര്‍ഷങ്ങളില്‍ കൊന്നൊടുക്കിയത്. മനുഷ്യശരീരത്തിന് ഈ രോഗാണുവിനെ പ്രതിരോധിക്കാന്‍ ശേഷി കുറവാണ്. നിരീക്ഷണവും പ്രതിരോധവും ശക്തമാക്കാനാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. രോഗം ബാധിച്ച പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ക്ക് രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗബാധയുണ്ടാകാം. പതിനേഴ് ദിവസം വരെ രോഗം നീളാം. കടുത്ത പനി, ചുമ, തൊണ്ടവേദന, വയറിളക്കം, മൂക്കില്‍ നിന്നുള്ള രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങള്‍.


