പത്തു മാസത്തിനിടയില്‍ റോഡപകടങ്ങളില്‍ മരിച്ചത് 18 പേര്‍

Posted on: November 27, 2014 7:47 pm | Last updated: November 27, 2014 at 7:47 pm

ഷാര്‍ജ: കഴിഞ്ഞ 10 മാസങ്ങള്‍ക്കിടയില്‍ ഷാര്‍ജയിലുണ്ടായ റോഡപകടങ്ങളില്‍ മരിച്ചത് 18 പേര്‍. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്താണ് വാഹനാപകടങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടതെന്ന് ഷാര്‍ജ പോലീസ് ഇന്‍ഫമേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഖയാല്‍ വ്യക്തമാക്കി. മിക്ക അപകടങ്ങള്‍ക്കും ഇടയാക്കിയത് കരുതലില്ലാത്ത ഡ്രൈവിംഗാണ്. അമിതവേഗമായിരുന്നു പ്രധാന വില്ലന്‍. 41 പേര്‍ക്ക് പരുക്കേല്‍ക്കാനും അപകടങ്ങള്‍ കാരണമായി.
മൊത്തത്തില്‍ 164 അപകടങ്ങളാണ് ഈ കാലയളവില്‍ സംഭവിച്ചത്. അപകടങ്ങളില്‍ അതീവ ഗുരുതരമായി പരുക്കേറ്റവരുമുണ്ട്. ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാവരും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് വാഹനം ഓടിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നതായും അല്‍ ഖയാല്‍ വ്യക്തമാക്കി.
എമിറേറ്റില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ ഷാര്‍ജ പോലീസ് ശക്തമായ ബോധനവത്കരണമാണ് നടത്തുന്നത്. ട്രാക്ക് മാറുമ്പോള്‍ ജാഗ്രത പുലര്‍ത്തുക, റോഡ് നിയമങ്ങള്‍ പാലിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അടിക്കടി ബോധവത്കരണം നടത്തുമ്പോഴും അപകടങ്ങളും അവയിലൂടെ സംഭവിക്കുന്ന മരണങ്ങളും വീണ്ടും ആവര്‍ത്തിക്കുന്നുവെന്നത് ഏറെ ഉത്കണ്ഠയോടെയാണ് അധികൃതര്‍ കാണുന്നത്.