Connect with us

Gulf

തലസ്ഥാനത്ത് ടാക്‌സി ക്ഷാമം അനുഭവപ്പെടുന്നെന്ന് യാത്രക്കാര്‍

Published

|

Last Updated

അബുദാബി: നഗരത്തില്‍ ടാക്‌സികള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. പല സ്ഥലങ്ങളിലും ടാക്‌സി ലഭിക്കാന്‍ ദീര്‍ഘനേരം വരിനില്‍ക്കേണ്ട സ്ഥിതിയിലാണ് യാത്രക്കാര്‍. പലപ്പോഴും ടാക്‌സി ലഭിക്കാതെ സാധനങ്ങളുമായി കാല്‍നടയായി ദൂരെയുള്ള താമസസ്ഥലത്തേക്ക് എത്തേണ്ടുന്ന സ്ഥിതിയും ഉണ്ടാവുന്നുണ്ട്. ഇത് കുട്ടികളെയും പ്രായമായവരെയുമെല്ലാം ഏറെ വലക്കുകയാണ്. തിങ്കളാഴ്ച ടാക്‌സിക്കായി 30 മിനുട്ടോളം കാത്തുനില്‍ക്കേണ്ടി വന്നുവെന്ന് എട്ടു മാസം ഗര്‍ഭിണിയായ ഫിലിപൈന്‍ സ്വദേശിനി റിവേന ഡിയോഡാറ്റോ വ്യക്തമാക്കി. ഖാലിദിയ സ്ട്രീറ്റിലെ വീട്ടില്‍ നിന്നു യാസ് മറീനയിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിന്റെ ഭാഗമായാണ് ടാക്‌സിക്ക് ശ്രമിക്കാറെന്നും കുറച്ചു കാലമായി ടാക്‌സി ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്നും ഫെരാറി വേള്‍ഡില്‍ ജോലി ചെയ്യുന്ന അവര്‍ വിശദീകരിച്ചു.
ഖാലിദിയയില്‍ നിന്നു ടാക്‌സിയില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ എത്തിയാണ് ഞാന്‍ പതിവായി യാസ് മറീനക്കു പോകാന്‍ ബസ് പിടിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഫോര്‍മുല വണ്‍ കാറോട്ട ദിനത്തില്‍ ഒരു കണക്കിനും ടാക്‌സി ലഭിച്ചില്ല.
നഗരത്തിലെ മിക്കവാറും ടാക്‌സികള്‍ മുഴുവന്‍ അന്ന് യാസ് മറീന ദ്വീപിലായിരുന്നുവെന്നാണ് പിന്നീട് അറിഞ്ഞത്. അബുദാബിയില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ അജീഷ് അല്‍ഫോണ്‍സോയും ടാക്‌സിക്ക് കടുത്ത ക്ഷാമമാണ് നഗരത്തില്‍ അനുഭവപ്പെടുന്നതെന്ന് അറിയിച്ചു.
രാവിലെ എട്ടു മണിക്കും ഒമ്പതിനും ഇടയില്‍ നഗരത്തില്‍ ടാക്‌സി ലഭിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില ദിവസങ്ങളില്‍ രാവിലെ 7.55 മുതല്‍ 8.45 വരെ കാത്തു നില്‍ക്കേണ്ട അവസ്ഥയും ഉണ്ടാവുന്നുണ്ട്. പലപ്പോഴും ടാക്‌സിക്കായി താന്‍ നില്‍ക്കാറുള്ളിടത്ത് പത്തും പതിനഞ്ചും പേര്‍ കാത്തു നില്‍ക്കുന്നത് കാണാറുണ്ട്. ദീര്‍ഘനേരം കാത്തു നിന്നാലും ടാക്‌സി ലഭിക്കാതെ പലരും എത്തുന്നിടത്ത് എത്തട്ടെയെന്നു കരുതി ബസില്‍ പോകാന്‍ നിര്‍ബന്ധിതരാവുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ടാക്‌സിക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും ഖാലിദിയ മേഖലയിലാണ് ഇത് ഏറ്റവും രൂക്ഷമെന്നും അല്‍ഫോണ്‍സോ പറഞ്ഞു.
ശൈഖാ ഫാത്തിമ ബിന്‍ത് മുബാറക് സ്ട്രീറ്റില്‍(പഴയ നജദ സ്ട്രീറ്റ്) അഡ്രിന്‍ കൊലേയയും ഭാര്യ സ്റ്റെഫിയും ആറുമാസമുള്ള കുഞ്ഞും അര മണിക്കൂറിലധികമാണ് കഴിഞ്ഞ ദിവസം ടാക്‌സിക്കായി നിന്നത്.

Latest