ചെടികളും പൂക്കളും നശിപ്പിച്ചവര്‍ക്ക് പിഴ ചുമത്തി

Posted on: November 27, 2014 7:00 pm | Last updated: November 27, 2014 at 7:30 pm

അല്‍ ഐന്‍; പാതയോരങ്ങളിലും ഉദ്യാനങ്ങളിലും നട്ടുവളര്‍ത്തിയ ചെടികളും പൂക്കളും നശിപ്പിച്ചവര്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. പൂക്കളും ചെടികളും നട്ടുപിടിപ്പിച്ച സ്ഥലത്തിലൂടെ വഴി നടന്നവരില്‍ നിന്നും അലങ്കാര പൂക്കള്‍ പറിച്ചെടുത്തവര്‍ക്കാണ് പിഴ ചുമത്തിയത്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് നഗരസഭക്ക് കീഴിയില്‍ നഗരവും പാതയോരങ്ങളും പൂച്ചെടികള്‍ നട്ടു പിടിപ്പിക്കാന്‍ തുടങ്ങുന്നത്. നവംബര്‍ അവസാന വാരത്തോടെ ചെടികള്‍ പൂത്തുലയും. ഈയാഴ്ച നടക്കുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് അലങ്കാരച്ചെടികള്‍ നട്ടു പിടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പൂക്കള്‍ പറിച്ചെടുത്ത പലര്‍ക്കും വന്‍പിഴ ചുമത്തി. ചെടികളും പൂക്കളും നശിപ്പിക്കുന്നത് കടുത്ത ശിക്ഷാ നടപടികള്‍ക്ക് കാരണമാകുന്ന നിയമ ലംഘനമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.