കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: പ്രതികള്‍ സിപിഎമ്മുകാര്‍

Posted on: November 27, 2014 1:38 pm | Last updated: November 27, 2014 at 11:54 pm

p. krishnapillai (1)ആലപ്പുഴ: മുഹമ്മ കണ്ണര്‍കാട്ട് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ സി പി എമ്മുകാരെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അഞ്ച് സി പി എം, ഡി വൈ എഫ് ഐ നേതാക്കളെ പ്രതിയാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ആലപ്പുഴ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രനെ ഒന്നാം പ്രതിയും സി പി എം കണ്ണര്‍കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി സാബുവിനെ രണ്ടാം പ്രതിയുമാക്കിയാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഡി വൈ എഫ് ഐ നേതാക്കളായ ദീപു (36), രാജേഷ് രാജന്‍ (37), പ്രമോദ് ( 31) എന്നിവരെയാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളാക്കിയിട്ടുള്ളത്. ക്രൈം ബ്രാഞ്ച് എസ് പി. ആര്‍ കെ ജയരാജാണ് കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി പി എം വിഭാഗീയതയെ തുടര്‍ന്നുള്ള വിമത നീക്കം നടന്ന കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിലെ തര്‍ക്കങ്ങളും ലോക്‌സഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച എതിര്‍പ്പുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിയാക്കി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും പ്രതികളെ കണ്ടെത്താനും സമയം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടില്ല.
2013 ഒക്‌ടോബര്‍ 31ന് രാത്രിയിലായിരുന്നു സ്മാരകം തകര്‍ത്തത്. ഇതേ ദിവസം തന്നെ കായിപ്പുറത്തെ ഇന്ദിരാഗാന്ധി പ്രതിമ തകര്‍ത്ത കേസിലും ലതീഷ് ബി ചന്ദ്രന്‍ ഒന്നാം പ്രതിയാണ്. കേസിലെ രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ഒന്നാം പ്രതികളാക്കപ്പെട്ടിട്ടുള്ള ലതീഷ് ബി ചന്ദ്രന്‍ ഡി വൈ എഫ് ഐ കഞ്ഞിക്കുഴി മേഖലാ ജോയിന്റ് സെക്രട്ടറിയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. കൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്ന കണ്ണര്‍കാട്ടെ ഡി വൈ എഫ് ഐ യൂനിറ്റ് സെക്രട്ടറിയാണ് ദീപു. സ്മാരകത്തിനു സമീപം താമസിക്കുന്ന ദീപു സംഭവത്തില്‍ പരാതി നല്‍കുകയും മൊഴി നല്‍കുകയും ചെയ്തിരുന്നു. അതേസമയം ജോലി ചെയ്യുന്ന കേരള ബെയിലേഴ്‌സില്‍ ദീപു ബി എം എസ് പ്രവര്‍ത്തകനാണ്.രാജേഷ് രാജനും പ്രമോദും ഡി വൈ എഫ് ഐ കണ്ണര്‍കാട്ട് യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. കണ്ണര്‍കാട്ടെ ജ്വാല വായനശാലയുടെ ഉദ്ഘാടനത്തിന് വി എസ് അച്യുതാനന്ദനെ കൊണ്ടു വന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കവും ആക്രമണത്തിന് വഴിയൊരുക്കി. ലതീഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. തൊട്ടടുത്ത വീട്ടില്‍ നിന്ന് ഓലച്ചുരുട്ട് നിര്‍മിച്ചാണ് സ്മാരകം കത്തിച്ചത്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും വി എസ് മാരാരിക്കുളത്ത് തോറ്റ സംഭവത്തില്‍ നടപടി നേരിട്ടയാളുമായ ടി കെ പളനിയുടെയും കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പരേതനായ സി കെ ഭാസ്‌കരന്റെയും മൊഴികളാണ് കേസില്‍ നിര്‍ണായകമായത്.
അതിനിടെ, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ട് പേരെ സി പി എം പുറത്താക്കി. സി പി എം കണ്ണാര്‍കാട് ലോക്കല്‍ കമ്മിറ്റിയംഗം പി സാബു, പാര്‍ട്ടി അംഗമായ പ്രമോദ് എന്നിവരെയാണ് പുറത്താക്കിയത്. സാബുവിന്റെയും പ്രമോദിന്റെയും പേരുകള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയതായി മനസ്സിലാക്കുന്നതായും ഇവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ വരുന്ന മുറയ്ക്ക് ഉചിതമായ മറ്റ് നടപടികളും പാര്‍ട്ടി തീരുമാനിക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പത്രക്കുറിപ്പില്‍ അറിയിച്ചു.