വിദ്യാര്‍ഥിനി ബസ് കയറി മരിച്ച സംഭവം ടൗണില്‍ ബസുകള്‍ക്ക് കൂച്ചുവിലങ്ങുമായി നഗരസഭ

Posted on: November 27, 2014 11:03 am | Last updated: November 27, 2014 at 11:03 am

palakkad-nagarasabhaപാലക്കാട്: പാലക്കാട് ഗവ. വിക്ടോറിയ കോളജിനു മുമ്പില്‍ കെ എസ് ആര്‍ ടി സി ബസ് കയറി മരിച്ച വിനീതയുടെ മരണത്തെത്തുടര്‍ന്ന് പാലക്കാട് നഗരസ’കണ്‍തുറക്കുന്നു.
നഗരത്തിലെ ബസ് സര്‍വീസുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഒരുങ്ങാനാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. നഗരപരിധിയിലോടുന്ന ബസ്സുകളുടെ മല്‍സരപ്പാച്ചിലിന് കൂച്ചുവിലങ്ങിടാന്‍ 28 ന് ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം വിളിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ആര്‍ ടി ഒയും, എസ് പിയും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
നഗര പരിധിയിലോടുന്ന ബസ്സുകള്‍ക്ക് പ്രത്യേകിച്ച് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് സ്പീഡ് ലിമിറ്റ് യോഗം നിശ്ചയിക്കും. സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം തീരുമാനിക്കും. നഗരത്തിലെ പ്രധാന റോഡുകളില്‍ തെരുവുവിളക്കുകള്‍ ഉടന്‍ കത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും. കോട്ടമൈതാനത്തിനു ചുറ്റും ലൈറ്റിടും. തെരുവുവിളക്കുകള്‍ കത്തിക്കാനാവശ്യമായ ബള്‍ബുകള്‍ നേരിട്ട് വാങ്ങാനും യോഗം തീരുമാനിച്ചു.
നഗരത്തില്‍ നടപ്പാക്കേണ്ട ഗതാഗത പരിഷ്‌ക്കാരങ്ങള്‍ക്കായി ആവശ്യമെങ്കില്‍ എം പിയുടേയും എം എല്‍ എയുടേയും ഫണ്ടുകള്‍ ആവശ്യപ്പെടും. പ്രധാന ജംഗ്ഷനുകളിലെ സിഗ്നല്‍ ലൈറ്റുകള്‍ ഉടന്‍ കത്തിക്കും. വ്യാപാര സ്ഥാപനള്‍ക്ക് മുമ്പിലും പ്രധാന ജംഗ്ഷനുകളിലും കാമറകള്‍ സ്ഥാപിച്ച് രാത്രികാലങ്ങളില്‍ പോലിസ് നിരീക്ഷിക്കും.
യോഗം തുടങ്ങിയപ്പോള്‍ തന്നെ വിക്ടോറിയ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന വിനീതയുടെ മരണത്തിന് നഗരസഭ കൂടി ഉത്തരവാദിയാണെന്ന ആരോപണവുമായാണ് അംഗങ്ങള്‍ എഴുന്നേറ്റത്. ബി ജെ പി അംഗം സ്മിതേഷ് തുടങ്ങിവെച്ച ചര്‍ച്ച യു ഡി എഫ്, സി പി എം അംഗങ്ങളും ഏറ്റുപിടിച്ചു. പി ഡബ്യു ഡി റസ്റ്റ് ഹൗസ് മുതല്‍ വിക്ടോറിയ കോളജ് വരെ ഒരു സോഡിയം ലാംപാണ് കത്തുന്നതെന്നുള്ള കാര്യം അങ്ങേയറ്റം ലജ്ജാകരമാണെന്നും പ്രദേശത്ത് കൂടുതല്‍ ലൈറ്റുകള്‍ കത്തിക്കണമെന്നും ബി ജെ പി അംഗം സി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ദീര്‍ഘദൂര ബസ്സുകളുടെ സ്പീഡ് നിയന്ത്രിക്കാനും നടപടി വേണമെന്ന് ബി ജെ പി അംഗം സ്മിതേഷ് ആവശ്യപ്പെട്ടു. ചുണ്ണാമ്പുതറ മേല്‍പ്പാലത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തിക്കാന്‍ നടപടി വേണമെന്നും പട്ടിക്കര ബൈപ്പാസും രാത്രികാലങ്ങളില്‍ ഇരുട്ടിലാണെന്നും ലീഗ് അംഗം പി എം ഇസ്മയില്‍ പറഞ്ഞു.
കന്നുകാലികളെ പിടിച്ചുകെട്ടാനും തെരുവുനായ്ക്കളെ പിടികൂടാനും എടുത്ത തീരുമാനം നടപ്പായില്ലെന്ന് സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. ചുണ്ണാമ്പുതറ മേല്‍പ്പാലത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തിക്കാനായി നഗരസഭ പദ്ധതി തയ്യാറാക്കിയപ്പോള്‍ എം എല്‍ എ ഫണ്ടില്‍ നിന്ന് തെരുവുവിളക്കുകള്‍ കത്തിക്കുമെന്ന് വീമ്പിളക്കിയ ഷാഫി പറമ്പിലിന്റെ വാക്ക് പഴയ ചാക്കുപോലായെന്ന് എന്‍ ശിവരാജന്‍ കുറ്റപ്പെടുത്തി.
വിക്ടോറിയ കോളജിനു മുമ്പിലും മറ്റ് വിദ്യാലയ പരിസരങ്ങളിലും പോലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുകയോ രാവിലെയും വൈകീട്ടും സ്‌കൂള്‍ സമയങ്ങളില്‍ അതുവഴിയുള്ള ബസ് സര്‍വീസുകള്‍ വഴി തിരിച്ചുവിടുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വിദ്യാലയങ്ങള്‍ക്ക് മുമ്പില്‍ സദാസമയവും ട്രാഫിക് പോലിസിനെ നിയോഗിക്കണമെന്നും ഹംമ്പുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കണമെന്നും സി പി എം അംഗം കുമാരി ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് ചര്‍ച്ച് റോഡ് പണി എത്രയുംപെട്ടെന്ന് പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി വേണമെന്ന് സ്വതന്ത്രാംഗം അഷ്‌ക്കര്‍ പറഞ്ഞു. അതേസമയം വിദ്യാലയങ്ങള്‍ക്ക് സമീപം ഫുട് ഓവര്‍ ബ്രിഡ്ജുകളോ അണ്ടര്‍പാസ് വേയോ വേണമെന്ന് ബി ജെ പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ് അംഗം ഭവദാസ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നഗരസഭയുടെ ട്വന്റി ട്വന്റി പദ്ധതിക്ക് ആവശ്യമായ 18 കോടി എ ഡി ബി വഴിയോ കെ യു ഡി എഫ് സി എയില്‍ നിന്ന് വായ്പ എടുത്ത് കണ്ടെത്തുകയോ ചെയ്യാന്‍ യോഗം തീരുമാനിച്ചു.
ഇന്ദിരാഗാന്ധി, ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നവീകരിക്കാനുള്ള പദ്ധതി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. നഗരസഭാ ടൗണ്‍ ഹാളിന്റെ ശോച്യാവസ്ഥ പരിഹരിക്കാനാകാത്തതാണെന്നും പൊളിച്ച് വേറെ പണിയുകയല്ലാതെ നിവൃത്തിയില്ലെന്നും പ്രമീളാ ശശീധരന്റെ പരാതിക്ക് മറുപടിയായി ചെയര്‍മാന്‍ പറഞ്ഞു. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു. കുമാരി, ജി സഹദേവന്‍, ഭവദാസ്, അസീസ്, സാജോജോണ്‍, അഷ്‌ക്കര്‍, ശിവരാജന്‍, കൃഷ്ണകുമാര്‍, പ്രമീളാ ശശീധരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.