Connect with us

Malappuram

അങ്കണ്‍വാടികള്‍ കൊഴുക്കുമ്പോള്‍ കുട്ടികള്‍ 'മെലി'യുന്നു

Published

|

Last Updated

ജില്ലയില്‍ അങ്കണ്‍വാടികളുടെ എണ്ണം വര്‍ധിക്കുകയും കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുകയും ചെയ്തിട്ടും കൊഴുക്കുന്നത് ജീവനക്കാരാണെന്ന് ആക്ഷേപം. ഓരോ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ശരാശരി 150 ലേറെ അങ്കണ്‍വാടികളാണ് നിലവിലുളളത്.
കൊണ്ടോട്ടി ബ്ലോക്കിലെ ചേലേമ്പ്ര 26, പളളിക്കല്‍ 38 , ചെറുകാവ് 35 , വാഴയൂര്‍ 29 എന്നിങ്ങനെ മിക്ക ഗ്രാമ പഞ്ചായത്തുകളിലും ശരാശരി 25ല്‍ കൂടുതല്‍ അങ്കണ്‍വാടികള്‍ നിലവിലുണ്ട്. ഇവയില്‍ ഭൂരിഭാഗവും സ്വന്തമായി ഭൂമിയും കെട്ടിടവും ഉളളവയാണ്. പേരിന് മാത്രം ചിലതിന് കെട്ടിടങ്ങള്‍ ഇല്ലാ ത്തതുണ്ട്. കെട്ടിടമില്ലാത്തവ നിലവില്‍ വാടക കെട്ടിടങ്ങളിലും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളോടനുബന്ധിച്ചുമാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഒരു പഞ്ചായത്തിന് ഒരു സൂപ്പര്‍വൈസര്‍ എന്ന നിലക്കും താല്‍കാലികമായി രണ്ടും മൂന്നും പഞ്ചായത്തുകളിലെ അങ്കണ്‍വാടികള്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന നിലക്കുമാണ് മേല്‍നോട്ടത്തിന്റെ ഘടന.
എന്നാല്‍ അങ്കണ്‍വാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞ മട്ടാണ്. വെല്‍ഫയര്‍ കമ്മിറ്റി രൂപീകൃതമായതിന് ശേഷം യോഗം ചേരാത്ത സ്ഥിതിയും പേരിന് വേണ്ടി ഒപ്പ് യോഗം നടത്തുന്ന രീതിയും നിലവിലുണ്ട്. മേല്‍ നോട്ടത്തിന് ആളില്ലാത്ത അവസ്ഥ വന്നപ്പോള്‍ അങ്കണ്‍വാടികളുടെ പ്രവര്‍ത്തനം പുനക്രമീകരിക്കാന്‍ കഴിയാത്ത വിധം താളം തെറ്റുന്നതായി ആക്ഷേപമുണ്ട്. മേല്‍നോട്ടം വഹിക്കുന്ന സൂപ്പര്‍വൈസര്‍മാര്‍ വരെ കൃത്യമായി അങ്കണ്‍വാടികളുടെ പരിശോധക്കായി വരാറില്ല. വല്ലപ്പോഴും യോഗത്തിനോ മറ്റോ എത്തി നോക്കി ജോലി നിര്‍വഹണത്തില്‍ സംതൃപ്തരാകുന്ന രീതിയാണ് നിലവിലുളളതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. അതേസമയം ചില അങ്കണ്‍വാടികളില്‍ ജീവനക്കാര്‍ തോന്നുംപടിയാണ് വന്നുപോകാറ്. വര്‍ക്കറുളള ദിവസങ്ങളില്‍ ഹെല്‍പറുണ്ടാകാറില്ല. ഹെല്‍പറുളള ദിവസങ്ങളില്‍ വര്‍ക്കറുണ്ടാകാറില്ല. പല അങ്കണ്‍വാടികളിലും കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. ഹാജര്‍ നില പലപ്പോഴും കുറയുന്നു. ഇവരെ കൂട്ടി കൊണ്ട് വരാന്‍ ജീവനക്കാര്‍ തുനിയാറുമില്ല. പകരം അവധിയിലുളള കുട്ടികളുടെ പേരിലും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതായി കണക്കൊപ്പിച്ച് സാധന സാമഗ്രികള്‍ അടിച്ച് മറ്റുന്നതായും ആക്ഷേപമുണ്ട്.
കുട്ടികള്‍ളെ കൂടാതെ അങ്കണ്‍വാടികളുടെ പരിസരത്തെ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, കൗമാരക്കാര്‍, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്കും നിശ്ചിത തോതില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതും അങ്കണ്‍വാടികള്‍ വഴിയാണ്.
എന്നാല്‍ ഇവര്‍ക്കെല്ലാം എത്തേണ്ട ഭക്ഷ്യധാന്യങ്ങള്‍ പലയിടങ്ങളിലും കൊള്ളയടിക്കപ്പെടുന്നുണ്ട്. മൂന്ന് വയസ്സ് വരെ പ്രായമുളള കുട്ടികള്‍ക്ക് കുട്ടികളുടെ തൂക്ക കുറവിനനുസരിച്ച് കുടുംബശ്രീ നിര്‍മിച്ച് നല്‍കുന്ന ന്യൂട്രി മിക്‌സ് പൗഡറും മൂന്ന് മുതല്‍ 6 വയസ്സ് വരെ പ്രായമുളള കുട്ടികള്‍ക്ക് 65 ഗ്രാം ഗോതമ്പും അവശേഷിക്കുന്നവര്‍ക്ക് 130 ഗ്രാം ഗോതമ്പും പാകപ്പെടുത്തി ഉപ്പ് മാവ് നല്‍കണം. കൂടാതെ ഉച്ചക്ക് പച്ചക്കറി ഉള്‍പെടുന്ന ഉച്ച ചോറ് ,10 ഗ്രാം ചെറുപയര്‍ എന്നിവ പാകപ്പെടുത്തി കുട്ടികള്‍ക്ക് നല്‍കണം. ഉച്ചക്ക് ശേഷം ഗോതമ്പ് നുറുക്ക് പായസം അല്ലെങ്കില്‍ ചെറുപയര്‍ പായസം ,അവില്‍ , പത്ത് മണിക്ക് ഒരു കുട്ടിക്ക് 20 ഗ്രാം പാല്‍ , ന്യൂട്രി മിക്‌സ് ലെഡു എന്നിവയാണ് അങ്കണ്‍വാടികളില്‍ എത്തുന്ന കുട്ടികളുടെ പോഷകാഹാരം. എന്നാല്‍ പാലിന് പകരം പല അങ്കണ്‍വാടികളിലും പാല്‍പൊടി കലക്കി കുട്ടികള്‍ക്ക് നല്‍കുകയാണ് പതിവ്. കൗമാരപ്രായക്കാരയവര്‍ക്ക് മാസത്തില്‍ രണ്ടര കിലോ ഗോതമ്പ് നുറുക്കും പാകപെടുത്താന്‍ വെളിച്ചെണ്ണയും അല്ലെങ്കില്‍ മുത്താറിയും ഒരു കിലോ ശര്‍ക്കരയും നല്‍കണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദേശം. ഇതൊന്നും ഫലത്തില്‍ കുട്ടികള്‍ക്ക് ലഭിക്കാറില്ല. പകരം ജീവനക്കാരാണ് കൊഴുക്കുന്നതെന്നാണ് വ്യാപക ആക്ഷേപം. ഇതിനിടയില്‍ കൊണ്ടോട്ടി ബ്ലോക്കിലെ ചില അംഗനവാടികളില്‍ പാല്‍ പൊടി , മറ്റു ധാന്യങ്ങള്‍ , പാത്രങ്ങള്‍ , വെളിച്ചെണ്ണ , ശര്‍ക്കര എന്നിവ ജീവനക്കാര്‍ അടിച്ച് മാറ്റുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ രേഖാ മൂലമുളള പരാതി നല്‍കിയാലേ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുകയുളളുവെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിലപാട്.