Connect with us

Malappuram

ചേനപ്പാടിക്കാരുടെ പുനരധിവാസം നടപ്പായില്ല

Published

|

Last Updated

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ചേനപ്പാടി ആദിവാസികോളനിക്കാര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഒന്നും നല്‍കിയില്ല. വനത്തിനുള്ളില്‍ കഴിഞ്ഞിരുന്ന ആദിവാസി വീടുകളുടെ മുകളിലൂടെ കൂറ്റന്‍ മരം വീണ് പിഞ്ചുബാലന്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കോളനിയിലെ പരേതനായ കേശവന്റെ മകന്‍ പന്ത്രണ്ട് വയസ് പ്രായമുള്ള വിനോദാണ് മരിച്ചത്. വിനോദിന്റെ മാതാവ് ശോഭന, ശ്രീനിവാസന്‍, ചന്ദ്രന്‍, സരോജിനി എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ച വിനോദിന്റെ കുടുംബത്തിന് പട്ടിക വര്‍ഗ വകുപ്പ് ഒരു ലക്ഷം രൂപയും, മന്ത്രി സഭ ഒരു ലക്ഷം രൂപയും അടിയന്തര സഹായം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വനത്തിനുള്ളിലെ മരം വീണത് കാരണം വനം വകുപ്പ് ജീവനക്കാര്‍ 2000 രൂപ ശോഭനക്ക് നല്‍കിയതല്ലാതെ മറ്റ് ഒരാനുകൂല്യവും നല്‍കിയിട്ടില്ല. കഴിഞ്ഞമാസം 25 ന് രാവിലെയാണ് കോളനിക്കാരുടെ രണ്ട് കുടിലിനുമുകളിലൂടെ മുകളിലൂടെ കൂറ്റന്‍ മരം കടപുഴകി വീണത്. ദുരന്തം നടന്ന ദിവസം ഇവരെ പുല്ലങ്കോടുള്ള തൊഴിലാളി ക്ഷേമ നിധി ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വിവിധ സംഘടനകള്‍ കോളനിക്കാര്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
സ്ഥലം എം ഐ ഷാനവാസ് എം പി അഭയാര്‍ഥി ക്യാമ്പില്‍ സന്ദര്‍ശിച്ചിരുന്നു. അഭയാര്‍ഥി ക്യാമ്പില്‍ പതിനൊന്ന് കുടുംബങ്ങളാണ് കഴിയുന്നത്. താമസിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പരിസരങ്ങളില്‍ ടെന്‍ഡുകള്‍ കെട്ടിയാണ് ഇവര്‍ കഴിയുന്നത്. ചേനപ്പാടിക്കാരെ ഉടന്‍ പുനരധിവസിപ്പിക്കും എന്ന പ്രഖ്യാപനങ്ങളും കടലാസില്‍ മാത്രമായി. ഇതോടെ കോളനിക്കാരെ അധികൃതര്‍ വീണ്ടും വഞ്ചിച്ചു. മന്ത്രി പി കെ ജയലക്ഷ്മി അടിയന്തിര ദുരിദാശ്വാസമായി ശോഭനയക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
മന്ത്രി സഭായോഗം ഒരു ലക്ഷം രൂപയും ശോഭനയക്ക് നല്‍കുമെന്നും പരുക്കേറ്റവര്‍ക്ക് 25000 രൂപ വീതവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സിച്ചു എന്നല്ലാതെ ഈ കുടുംബങ്ങള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല.

Latest