ജപ്പാന്‍ കുടിവെള്ള പൈപ്പ്: തര്‍ക്കം ഒത്തുതീര്‍പ്പായി

Posted on: November 27, 2014 9:31 am | Last updated: November 27, 2014 at 9:31 am

water-scarcity-kochi-300x260കോഴിക്കോട്: ചേളന്നൂര്‍ എസ് എന്‍ ജി കോളജിന്റെ സ്ഥലത്തിലൂടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നത് സംബന്ധിച്ച് നിലനിന്ന തര്‍ക്കം ഒത്തുതീര്‍പ്പായതായി എം കെ രാഘവന്‍ എം പി അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. കോളജിന് പിറകിലുള്ള ജലസംഭരണിയിലേക്ക് കോളജിന്റെ വടക്കു ഭാഗത്തിലൂടെ പുതിയ പൈപ്പ് ലൈന്‍ ഇടാന്‍ ആവശ്യമായ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. പുതുതായി ആവശ്യമായ സ്ഥലത്തില്‍ കോളജിന്റെ പരിധിയിലുള്ള 14 സെന്റ് സ്ഥലം എസ് എന്‍ ട്രസ്റ്റ് സൗജന്യമായി വിട്ടുനല്‍കാനും തീരുമാനമായി. ഇതോടൊപ്പം സമീപത്തെ നാല് സ്വകാര്യ വ്യക്തികളുടെ സ്ഥലം കൂടി സര്‍ക്കാര്‍ ഏറ്റെടുക്കും. ധാരണ പ്രകാരം പ്രകാരം ജല അതോററ്റി കോളജിന്റെ വടക്ക് ഭാഗത്തു കൂടി പുതിയ റോഡ് നിര്‍മിച്ചുനല്‍കും. ഈ റോഡ് പൂര്‍ത്തിയാകും വരെ ഇപ്പോള്‍ കോളജ് ക്യാമ്പസിനുള്ളിലൂടെയുള്ള റോഡ് ഉപയോഗിക്കാം. കോളജിന്റെ വടക്ക് ഭാഗത്ത് പുതിയ റോഡ് നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായതായി എം പി അറിയിച്ചു.