സഹപാഠികള്‍ കൈകോര്‍ത്തു; ഫാദിയക്കും സാദിയക്കും സ്വന്തം വീടായി

Posted on: November 27, 2014 9:18 am | Last updated: November 27, 2014 at 9:18 am

കൊയിലാണ്ടി: നാലാം ക്ലാസുകാരി ഫാദിയ മറിയത്തിനും ഏഴാം ക്ലാസുകാരി സാദിയ മറിയത്തിനും ഇനി സന്തോഷത്തോടെ അന്തിയുറങ്ങാം. സ്വന്തമായൊരു വീട് സ്വപ്‌നം കണ്ട ഈ കുരുന്നുകള്‍ക്ക് തുണയായത് ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠികളുടെ മാതൃകാപ്രവര്‍ത്തനം.
കൊയിലാണ്ടി ഹാര്‍ബറിന് സമീപത്തെ മൂന്നര സെന്റ് സ്ഥലത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ് പിതാവ് ഹാഷിമിനും മാതാവ് ഹബീനക്കുമൊപ്പം കുട്ടികള്‍ താമസിച്ചുവരുന്നത്. അടച്ചുറപ്പില്ലാത്ത ഷെഡ്ഡില്‍ താമസിച്ചുവന്ന കുട്ടികളുടെ ദുരിതാവസ്ഥ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തതോടെയാണ് വീടെന്ന സ്വപ്‌നം ഇവര്‍ക്ക് യാഥാര്‍ഥ്യമായത്. വിദ്യാലയത്തിലെ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ വീട് സഹപാഠിക്കൊരു ഭവനം പദ്ധതിയൂടെയാണ് വീട് യാഥാര്‍ഥ്യമാക്കിയത്. പി ടി എ, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, വ്യക്തികള്‍ എന്നിവരുടെ കൂട്ടായ്മയിലൂടെ ഏഴ് മാസം കൊണ്ടാണ് പണി പൂര്‍ത്തിയായത്. അഞ്ചര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീടിന് മൂന്ന് ലക്ഷം രൂപയും വിദ്യാര്‍ഥികള്‍ കൂപ്പണ്‍ വഴി പിരിച്ചെടുത്തു. എന്‍ എസ് എസ് പ്രോഗാം ഓഫീസര്‍ എ കെ അശ്‌റഫ്, ചൈത്രാ വിജയന്‍, അതുല്‍ അര്‍ജുന്‍ എന്നിവര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കി.
വീടിന്റെ താക്കോല്‍ ദാനം മന്ത്രി ഡോ. എം കെ മുനീര്‍ നാളെ രാവിലെ പത്തിന് നിര്‍വഹിക്കും. കെ ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പി എസ് സി അംഗം ടി ടി ഇസ്മാഈല്‍ അവാര്‍ഡ് ദാനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശാന്ത ഉപഹാര സമര്‍പ്പണവും നടത്തും. പത്രസമ്മേളനത്തില്‍ പി ടി എ പ്രസിഡന്റ് വി പി ഇബ്‌റാഹിം കുട്ടി, എ കെ അശ്‌റഫ്, കെ ബാബു, ഇ കെ പ്രസന്നകുമാരി, സി രാമചന്ദ്രന്‍, വി എം ബശീര്‍, ടി സുധാമന്‍ പങ്കെടുത്തു.