Connect with us

Kerala

വീട് ജപ്തി ചെയ്യാനെത്തിയ ആമീനെ നാട്ടുകാര്‍ തിരിച്ചയച്ചു

Published

|

Last Updated

തലശ്ശേരി: ബ്ലേഡ് ഇടപാടില്‍ കുടുങ്ങിയതായി പരാതിയുള്ള പ്രശസ്ത ചിത്രകാരന്‍ പാരീസ് മോഹന്‍കുമാറിന്റെ വീടും വീട് നില്‍ക്കുന്ന സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി വിധി. മാഹി അഴിയൂരിലുള്ള കാട്ടില്‍പുരയില്‍ തറവാട്ട് വീടും 20 സെന്റ് സ്ഥലവും ജപ്തി ചെയ്യാന്‍ വടകര സബ് കോടതിയാണ് വിധിച്ചത്. കാഞ്ഞങ്ങാട് സ്വദേശി എം ജെ സിറിയകിന്റെ ചെക്ക് കേസിലാണ് ചിത്രകാരനെതിരെ വിധി വന്നത്.

കോടതി ഉത്തരവുമായി ഇന്നലെ കാലത്ത് ആമീനും പോലീസും അഴിയൂരിലെ വീട്ടിലെത്തിയെങ്കിലും ജപ്തി നടപടിയുമായി ചിത്രകാരന്‍ സഹകരിച്ചില്ല. തന്റെ ശവത്തില്‍ ചവിട്ടി മാത്രമേ വീടും പറമ്പും ജപ്തി ചെയ്യാന്‍ അനുവദിക്കൂ എന്ന മോഹന്‍ കുമാറിന്റെ നിലപാടിനൊപ്പം നാട്ടുകാരും ചേര്‍ന്നതോടെ ആമീനും സംഘവും പിന്‍വാങ്ങി.
2009ല്‍ കാഞ്ഞങ്ങാട്ടെ സിറിയകില്‍ നിന്ന് പത്തര ലക്ഷം രൂപം മോഹന്‍കുമാര്‍ വാങ്ങിയിരുന്നുവത്രെ. സിറിയകിന്റെ മകള്‍ക്കും മരുമകനും പാരീസിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇടപാട്. വാക്ക് പാലിക്കപ്പെട്ടില്ല. നിരവധിവട്ടം സമീപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മധ്യസ്ഥന്‍ മുഖേന അഞ്ച് ലക്ഷവും പിന്നീട് അഞ്ചര ലക്ഷത്തിന്റെ ചെക്കും നല്‍കിയത്രെ. അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. ഇതേ തുടര്‍ന്നാണ് കാഞ്ഞങ്ങാട് സബ് കോടതിയില്‍ സിറിയക് ഹരജി നല്‍കിയത്. മോഹന്‍കുമാറിന്റെ വീട് ജപ്തി ചെയ്ത് പണം വസൂല്‍ ചെയ്ത് നല്‍കാനായിരുന്നു വിധി. മോഹന്‍കുമാറിന്റെ സ്വത്തുക്കള്‍ അഴിയൂരിലായതിനാല്‍ കാഞ്ഞങ്ങാട് സബ് കോടതി വിധി നടപ്പാക്കിക്കിട്ടാന്‍ സിറിയക് വടകര സബ് കോടതിയെ സമീപിച്ചു. ഈ മാസം 29നുള്ളില്‍ വീടും സ്ഥലവും ജപ്തി ചെയ്ത് പണം നല്‍കാനായിരുന്നു ഉത്തരവ്. വടകര കോടതിവിധിക്കെതിരെ ചിത്രകാരന്‍ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.