സി ബി ഐ ഡയറക്ടര്‍ നിയമനം: ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി

Posted on: November 27, 2014 5:36 am | Last updated: November 26, 2014 at 11:37 pm

ന്യൂഡല്‍ഹി: പുതിയ സി ബി ഐ മേധാവിയെ നിയമിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. മേധാവിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ നിന്ന് പ്രതിപക്ഷ നിരയിലെ വലിയ പാര്‍ട്ടിയെ മാറ്റിനിര്‍ത്താനുള്ള നടപടിയാണ് ഇതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്.
മറ്റൊരു ദുരുദ്ദേശ്യവുമില്ലെന്നും സി ബി ഐ ഡയറക്ടര്‍ തിരഞ്ഞെടുപ്പ് സുഗമമായി നടക്കാനാണ് ബില്ലെന്നും ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി ബില്‍ അവതരിപ്പിച്ച് പേഴ്‌സനല്‍ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഡയറക്ടറെ തിരഞ്ഞെടുക്കാനുളള സമിതിയില്‍ പ്രതിപക്ഷ നേതാവും അംഗമാണ്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാത്തതിനാലാണ് ഭേദഗതി. ചീഫ് ജസ്റ്റിസ്, ചീഫ് ജസ്റ്റിസ് നാമനിര്‍ദേശം ചെയ്യുന്ന സുപ്രീം കോടതി ജഡ്ജി എന്നിവരും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ്. കമ്മിറ്റിയിലെ ഒരംഗത്തിന്റെ അഭാവത്താലോ ഒഴിവിനാലോ ഡയറക്ടര്‍ തിരഞ്ഞെടുപ്പ് അസാധുവാകില്ലെന്ന് ഭേദഗതി ബില്ലില്‍ പറയുന്നു. ശബ്ദ വോട്ടോടെയാണ് ബില്‍ പാസ്സായത്. ബി ജെ ഡി അംഗം തഥാഗാത് സത്പതി കൊണ്ടുവന്ന ഭേദഗതി സ്വീകരിച്ചില്ല. വൈകിയ വേളയിലുള്ള ഈ ഭേദഗതി പിന്‍വലിക്കണമെന്നും സമഗ്ര ഭേദഗതിക്ക് തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. ബി ജെ ഡി അംഗം തഥാഗത് ഇതിനെ അനുകൂലിച്ചു. പ്രതിപക്ഷത്തെ മനഃപൂര്‍വം അപമാനിക്കാനാണ് ഭേദഗതിയെന്ന് അദ്ദേഹം ആരോപിച്ചു.
നിലവിലെ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ കാലാവധി ഒരാഴ്ചക്കകം കഴിയുമെന്നതിനാലാണ് തിരക്കിട്ട ഭേദഗതി. നേരത്തെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ ചെയര്‍മാനും വിജിലന്‍സ് കമ്മീഷണര്‍മാരും ആഭ്യന്തര സെക്രട്ടറിയും കോ ഓഡിനേഷന്‍ ആന്‍ഡ് പബ്ലിക് ഗ്രീവന്‍സസ് ദ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറിയും അംഗങ്ങളായുള്ള സമിതിയായിരുന്നു ഡയറക്ടറെ തിരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ ലോക്പാല്‍, ലോകായുക്ത നിയമം കൊണ്ടുവന്നതോടെ ഇതില്‍ സമൂല മാറ്റമുണ്ടാകുകയായിരുന്നു.