Connect with us

Kerala

ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ചക്ക് അര്‍ഥമില്ല: പ്രതിരോധ സഹമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അതിര്‍ത്തിയിലെ വിഘടനവാദികളോട് മൃദുസമീപനം പുലര്‍ത്തുന്ന പാക് സര്‍ക്കാറുമായി നയതന്ത്ര ചര്‍ച്ച തുടരുന്നതില്‍ അര്‍ഥമില്ലെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ്. പാക്കിസ്ഥാനിലെ വിഘടനവാദികളോട് ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്ന പാക് സര്‍ക്കാറിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍സ് പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഠ്മണ്ഡുവില്‍ ചേരുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ചര്‍ച്ചയൊന്നും തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം ഇന്നലെ വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ- പാക് നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതില്‍ കാര്യമില്ല- മന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ സേനയുടെ അംഗബലവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകും. അതിനായി സൈനിക് സ്‌കൂളുകളെ സേനയുടെ നട്ടെല്ലായി മാറ്റിയെടുക്കുമെന്നും ഇന്ദ്രജിത്ത് സിംഗ് പറഞ്ഞു. നിലവില്‍ പതിനായിരത്തോളം ഓഫീസര്‍മാരുടെ ക്ഷാമം നേരിടുന്ന സേന മികച്ച യുവ ഉദ്യോഗസ്ഥരെ സൈനിക് സ്‌കൂളുകളില്‍ നിന്ന് വാര്‍ത്തെടുക്കും. ഇതിനായി സൈനിക് സ്‌കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ 25 എണ്ണമുള്ള സൈനിക് സ്‌കൂളുകളുടെ എണ്ണം 31 ആക്കും. ഉത്തര്‍പ്രദേശില്‍ മൂന്നും രാജസ്ഥാനില്‍ രണ്ടും ഉത്തരാഖണ്ഡില്‍ ഒരു സൈനിക് സ്‌കൂളും ആരംഭിക്കും. എന്നാല്‍, ഓരോ സ്‌കൂളിലേയും വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം തുടരും. വിദ്യാര്‍ഥികളുടെ എണ്ണം കൂടിയാല്‍ അക്കാദമിക നിലവാരം കുറയാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ അക്കാദമിക് സംവിധാനത്തില്‍ അടിമുടി പരിഷ്‌കരണം കൊണ്ടുവരും. ഇതിനായി കേന്ദ്ര പ്രതിരോധ സെക്രട്ടറി അനില്‍ ബഹുഗുണയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൈനിക് സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകരുടെ പെന്‍ഷന്‍, വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസില്‍ നിന്ന് ഈടാക്കുന്ന സംവിധാനം കാലഹരണപ്പെട്ടതാണെന്നും ഇതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനിക് സ്‌കൂള്‍ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും സാമ്പത്തിക പ്രതിസന്ധിയും കാരണം വീര്‍പ്പുമുട്ടുന്ന സൈനിക് സ്‌കൂളുകള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ അഭിമാനമായ സൈനികരുടെ ക്ഷേമത്തിന് മുന്തിയപരിഗണന നല്‍കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest