പാലക്കാട്- പൊള്ളാച്ചി റെയില്‍പ്പാത: മാര്‍ച്ചില്‍ തീവണ്ടി ഓടും

Posted on: November 27, 2014 12:53 am | Last updated: November 26, 2014 at 10:54 pm

പാലക്കാട്: നവീകരിച്ച പാലക്കാട്-പൊള്ളാച്ചി ബ്രോഡ്‌ഗേജ് റെയില്‍പ്പാതയിലൂടെ അടുത്തവര്‍ഷം മാര്‍ച്ചില്‍ ആദ്യട്രെയിന്‍ ഓടുമെന്ന് ദക്ഷിണ റെയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വെങ്കിടസ്വാമി അറിയിച്ചു.
പൊള്ളാച്ചി-പോത്തന്നൂര്‍ പാത 2016ല്‍ മാത്രമേ തീവണ്ടി ഗതാഗതത്തിന് സജ്ജമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നവീകരണം പൂര്‍ത്തിയായ പൊള്ളാച്ചി -പഴനി റെയില്‍പ്പാതയില്‍ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കിയശേഷം സേഫ്റ്റി കമ്മീഷണര്‍ക്കൊപ്പം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു വെങ്കിടസ്വാമി.
എട്ടുവര്‍ഷം മുമ്പ് ആരംഭിച്ചതാണ് പാലക്കാട് -പൊള്ളാച്ചി റെയില്‍പ്പാതാ നവീകരണം. ഫണ്ട് ലഭിക്കാത്തതിനാല്‍ പല ഘട്ടങ്ങളിലായി മുടങ്ങുകയും ഇഴഞ്ഞുനീങ്ങുകയും ചെയ്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നുണ്ടെന്നും ജോലി അവസാനഘട്ടത്തിലാണെന്നും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞു. ഇന്നലെ ഉദുമല്‍പേട്ട പൊള്ളാച്ചി സെക്ടറിലെ റെയില്‍പ്പാതയിലാണ് ദക്ഷിണ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ എസ് കെ മിത്തലിന്റെ നേതൃത്വത്തില്‍ ട്രാക്ക് പരിശോധിച്ചത്. എട്ട് ട്രോളികളിലായാണ് പരിശോധകര്‍ എത്തിയത്.
ചീഫ് എന്‍ജിനിയര്‍ പ്രഫുല്ലവര്‍മ, കേരളത്തില്‍നിന്നുള്ള ദക്ഷിണറെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു. പുതിയ പാതയില്‍ 100 കി മീ വേഗത്തിലാണ് സി ആര്‍ എസ് ട്രെയിന്‍ ഓടിച്ചത്. എന്‍ജിന്‍ കൂടാതെ മൂന്ന് ബോഗികളും ഘടിപ്പിച്ചിരുന്നു. ട്രെയിനിന് പലയിടത്തും നാട്ടുകാര്‍ വരവേല്‍പ്പും നല്‍കി.