Connect with us

Kerala

ഏഴിമല നാവിക അക്കാദമിക്കു വേണ്ടി രാമന്തളിയില്‍ നിന്ന് വീണ്ടും ഭൂമി ഏറ്റെടുക്കില്ല

Published

|

Last Updated

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിക്കുവേണ്ടി രാമന്തളി പഞ്ചായത്തില്‍ നിന്ന് വീണ്ടും ഭൂമി ഏറ്റെടുക്കില്ല. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പുവെച്ചു. ഫയല്‍ റവന്യൂ സെക്രട്ടറിക്ക് കൈമാറി. ഇന്നു തന്നെ ഉത്തരവിറങ്ങും. എം കെ രാഘവന്‍ എം പിയുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാമന്തളി ജനതക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി രാമന്തളിയിലെ ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തിയ പോരാട്ടങ്ങള്‍ക്കും ഫലം കണ്ടിരിക്കുകയാണ്.
ഏഴിമല നാവിക അക്കാദമിക്ക് വേണ്ടി രാമന്തളി പഞ്ചായത്തില്‍ നിന്ന് 30 വര്‍ഷം മുമ്പ് 28ഓളം ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. അക്കാദമിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭൂമി അക്കാദമിയില്‍ തന്നെ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കുവാനുള്ള നേവല്‍ അധികൃതരുടെ നീക്കം തടഞ്ഞുകൊണ്ട് മുഖ്യമന്ത്രി ശക്തമായ നിലപാട് എടുത്തിരിക്കുന്നത്. ഏഴിമല നാവിക അക്കാദമിയുടെ മൂന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രാമന്തളി പഞ്ചായത്തില്‍ നിന്ന് വീണ്ടും 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുവാന്‍ നീക്കം നടക്കുന്നതായി സിറാജാണ് ആദ്യം വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയും രാമന്തളി മുതല്‍ എട്ടികുളം വരെ പ്രതിഷേധത്തിന്റെ മനുഷ്യച്ചങ്ങല സൃഷ്ടിക്കുകയും ചെയ്തു. എം പി മാരായ എം കെ രാഘവന്‍, പി കരുണാകരന്‍, സി കൃഷ്ണന്‍ എം എല്‍ എ, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തുടങ്ങിയവര്‍ നേവല്‍ അക്കാദമി സന്ദര്‍ശിക്കുകയും രാമന്തളി ജനതയുടെ ആശങ്ക അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.
രാമന്തളി പഞ്ചായത്തിന് പുറത്ത് അനുയോജ്യമായ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയാല്‍ രാമന്തളിയില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ലെന്ന് നേവല്‍ അധികൃതര്‍ സന്ദര്‍ശന വേളയില്‍ എം കെ രാഘവന്‍ എം പി ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എം പി മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.

Latest