Connect with us

Articles

പക്ഷിപ്പനി: ഭീതി വേണ്ട; ജാഗ്രത തന്നെ

Published

|

Last Updated

അനാവശ്യമായ ഭീതിക്ക് പകരം ശക്തമായ മുന്‍കരുതലാണ് പക്ഷിപ്പനി ബാധയെ നേരിടാനുള്ള മാര്‍ഗം. എച്ച് -1 എന്‍ 5, എച്ച് 7 എന്‍ 9 എന്നീ വൈറസുകളാണ് പക്ഷിപ്പനി പരത്തുന്നത്. സാധാരണയായി, വൈറസുകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപമാറ്റം സംഭവിച്ച് പല വകഭേദത്തിലുമെത്താം. അതുകൊണ്ടു തന്നെ കേരളത്തില്‍ ഈയിടെ കണ്ടെത്തിയ പക്ഷിപ്പനി ബാധക്ക് കാരണമായ വൈറസിന്റെ വിവിധ വശങ്ങള്‍ ഇനിയും പഠിച്ചു വരുന്നേയുള്ളൂ. പക്ഷിപ്പനിബാധ പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വ്യാപകമായി പടരാമെങ്കിലും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. എന്നാല്‍, സാധ്യതകള്‍ തള്ളിക്കളയാനുമാകില്ല. എന്നാല്‍, പക്ഷികളില്‍ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ പക്ഷികളുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങളിലേര്‍പ്പെടുന്നവര്‍ വളരെ ജാഗ്രതയോടെ കഴിയേണ്ട സമയമാണിത്. കുറച്ചു പേര്‍ക്ക് രോഗം പകരുന്നത് ഒഴിവാക്കാമെന്നതിനു പുറമെ, വൈറസുകള്‍ മനുഷ്യശരീരത്തിലെത്തി ക്രമേണ പരിണമിച്ച് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള കരുത്ത് നേടുന്നത് തടയാന്‍ കൂടി വേണ്ടിയാണിത്. നേരത്തെ ചൈനയില്‍ പക്ഷിപ്പനി ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വൈറസ് പരിണമിച്ച് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കാന്‍ പറ്റുന്ന രൂപത്തിലാകുന്നുണ്ടോയെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു വളര്‍ച്ച കണ്ടെത്താനായിട്ടില്ല. എന്നാല്‍, ഭാവിയില്‍ ഇങ്ങനെ സംഭവിക്കാനുള്ള സാഹചര്യം സെന്റര്‍ തള്ളിക്കളയുന്നുമില്ല.
പക്ഷികളുടെ രക്തം, സ്രവങ്ങള്‍, തൂവലില്‍ നിന്നുണ്ടാകുന്ന പൊടി, കാഷ്ഠം തുടങ്ങിയവയിലൂടെയെല്ലാം പക്ഷിപ്പനി അന്യോന്യം പടരാന്‍ സാധ്യതയുണ്ട്. ഇവയെല്ലാമടങ്ങിയ ജലം, വായു എന്നിവ പടരാനുള്ള മാധ്യമങ്ങളാണ്. കേരളത്തില്‍ ദേശാടനപ്പക്ഷികള്‍ കാഷ്ടിച്ച ജലത്തിലൂടെ താറാവുകളിലേക്ക് പനി പടര്‍ന്നതാണെന്ന നിഗമനമുണ്ട്. വൈറസ് ബാധിച്ച് സാധാരണയായി 48 മണിക്കൂറിനുള്ളില്‍ രോഗ ലക്ഷണം പ്രകടമാകാമെങ്കിലും ലോകാരോഗ്യ സംഘടനയുടെ വിശദീകരണമനുസരിച്ച് ചിലരില്‍ ഒരാഴ്ചക്കുള്ളിലേ രോഗലക്ഷണം പ്രകടമാകൂ. കടുത്ത പനി, മൂക്കൊലിപ്പ്, കഫക്കെട്ട്, ചുമ, ശ്വാസംമുട്ടല്‍, തൊണ്ടവേദന, പേശികളിലെ വേദന എന്നിവയെല്ലാമാണ് പക്ഷിപ്പനി ബാധിച്ച മനുഷ്യരിലെ രോഗ ലക്ഷണങ്ങള്‍. ഈ രോഗ ലക്ഷണങ്ങളുള്ളവര്‍, പ്രത്യേകിച്ച് പക്ഷികളുമാ.യി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുകയെന്നതാണ് പ്രതിവിധി. നിത്യരോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്കെല്ലാം രോഗവ്യാപന സാധ്യത കൂടുതലാണെന്നിരിക്കെ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മതിയായ ചികിത്സ തേടാതെയിരുന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞ് ന്യൂമോണിയ ബാധ പിടിപെടാനും സ്ഥിതി വഷളാകാനും സാധ്യതയുണ്ട്.
പക്ഷി ഇറച്ചി വേവിച്ച് കഴിക്കുന്നതുകൊണ്ട് പ്രശ്‌നമില്ലെന്നാണ് പഠനത്തിലൂടെ മനസ്സിലായത്. വേവിച്ചതെന്ന വ്യാജേന പാതിവെന്ത ഇറച്ചിയും മറ്റും കഴിക്കുന്നത് ഒഴിവാക്കണം. ബുള്‍സ് ഐ പോലൊത്ത ഭക്ഷണങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കുന്നതാണുത്തമം. ഇറച്ചി ജോലിയെടുക്കുന്നവരും മറ്റും കൈയുറയും മാസ്‌കും ധരിക്കുന്നത് നല്ലതാണ്. കോഴിവളവും മറ്റും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
കോഴി-താറാവ് ഫാമുകളിലും മറ്റും പക്ഷിപ്പനി പ്രതിരോധ മരുന്ന് തളിക്കാനുള്ള സംവിധാനമുണ്ട്. ദേശാടന പക്ഷികളെ കൊണ്ടുള്ള രോഗ വ്യാപനം ഇതുകൊണ്ടൊന്നും തടയാനാകില്ല. എന്നിരിക്കെ, കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മറ്റും ഇറങ്ങാതിരിക്കുകയും വളര്‍ത്തു പക്ഷികളെ പ്രത്യേകം ശ്രദ്ധിക്കുകയുമാണ് മുന്‍ കരുതല്‍ മാര്‍ഗം. ക്ലോറിനേഷന്‍ ചെയ്ത ജലത്തില്‍ വൈറസിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലുള്ളവര്‍ വീടിന്റെ പരിസരങ്ങളിലും മറ്റും ബ്ലിച്ചീംഗ് പൗഡര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. സാമൂഹികപരമായും വ്യക്തിപരമായുമുള്ള ശുചിത്വം പ്രധാനപ്പെട്ടതു തന്നെയാണ്.
പക്ഷിപ്പനി ബാധ സംബന്ധിച്ച് കേരളത്തില്‍ നാം നേരിടുന്ന വലിയൊരു പ്രതിസന്ധി മികച്ച ലബോറട്ടറി സംവിധാനമില്ലെന്നതാണ്. രോഗസംശയമുള്ള രോഗികളുടെ സ്രവം എടുത്ത് മണിപ്പാലിലെത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നാലു മണിക്കൂര്‍ കൊണ്ട് റിപ്പോര്‍ട്ട് ലഭിക്കാവുന്ന ടെസ്റ്റാണ് ഇതെന്നിരിക്കെ ആഴ്ചകള്‍ കഴിഞ്ഞാണ് നമുക്ക് പരിശോധനാ ഫലം ലഭിക്കുന്നത്. പക്ഷിപ്പനി മാത്രമല്ല, ഇതേപോലെയുള്ള അസുഖങ്ങള്‍ സ്ഥിരീകരിക്കാനുള്ള ശക്തമായ സംവിധാനത്തിനൊപ്പം വൈറസിന്റെ പരിണാമം നിരീക്ഷിക്കാനുള്ള ദീര്‍ഘകാല സൗകര്യം കൂടി ഇവിടെ ആവശ്യമാണ്.

Latest