ഹോങ്കോംഗില്‍ വിദ്യാര്‍ഥി നേതാക്കള്‍ അറസ്റ്റില്‍

Posted on: November 27, 2014 5:20 am | Last updated: November 26, 2014 at 10:21 pm

ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിലെ ഏറ്റവും വലിയ സമര കേന്ദ്രങ്ങളിലൊന്ന് പൊളിച്ചു നീക്കിയ ഹോങ്കോംഗ് പോലീസ് നിരവധി ജനാധിപത്യ അനുകൂല പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനയില്‍ നിന്ന് കൂടുതല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ സുപ്രധാന ഘട്ടമായാണ് പോലീസ് നീക്കത്തെ കാണുന്നത്. നഗരത്തെ ഏറെക്കാലം സമര തീച്ചൂളയില്‍ നിര്‍ത്തിയ സുപ്രധാന കേന്ദ്രമാണ് ഇപ്പോള്‍ പോലീസ് പൊളിച്ചുനീക്കിയിരിക്കുന്നത്. സമരകേന്ദ്രം തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമം പ്രതിഷേധക്കാരും പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. വിദ്യാര്‍ഥി നേതാക്കളായ ജോഷ്വ വോങ്, ലെസ്റ്റര്‍ ഷം എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. രണ്ട് മാസക്കാലത്തിലേറെയായി നഗരത്തിലെ സുപ്രധാന റോഡ് സ്തംഭിപ്പിച്ച് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ടെന്റുകളും പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ ചില കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇവ പോലീസ് എന്ന് ഒഴിപ്പിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗ്രിറ്റി മോങ് കോക്കിലെ നതാന്‍ റോഡിലെ സമരകേന്ദ്രം പൊളിച്ചു നീക്കാനെത്തിയ പോലീസുമായി നൂറ് കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു. എന്നാല്‍, സംഘര്‍ഷം രൂക്ഷമാകാത്തതിനെത്തുടര്‍ന്ന് പോലീസിന് മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായി.