രഹസ്യവിചാരണ നടത്തി ഉയിഗൂര്‍ മുസ്‌ലിം വിദ്യാര്‍ഥികളെ തടവിലിടാന്‍ ചൈനീസ് ശ്രമം

Posted on: November 27, 2014 4:19 am | Last updated: November 26, 2014 at 10:20 pm

ബീജിംഗ്: സര്‍ക്കാറിനെതിരെയുള്ള വിമര്‍ശങ്ങളെ അടിച്ചൊതുക്കുന്നതിന്റെ ഭാഗമായി ചൈനീസ് അധികൃതര്‍ ഉയിഗൂര്‍ മുസ്‌ലിം വിദ്യാര്‍ഥികളെ രഹസ്യമായി വിചാരണ ചെയ്ത് ദീര്‍ഘകാലം തടവില്‍പാര്‍പ്പിക്കാന്‍ നീക്കം. വിഘടനവാദം ആരോപിച്ചാണ് ഇവിടുത്തെ അറിയപ്പെട്ട പ്രൊഫസറായ ഇല്‍ഹാം തൊഹ്തിയുടെ ഏഴ് ശിഷ്യരെ ചൈന രഹസ്യമായി ചോദ്യം ചെയ്യുന്നതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തി. വിഘടനവാദം ആരോപിച്ച് ഇല്‍ഹാം തൊഹ്തിക്ക് ചൈന ജീവപര്യന്തം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിനെതിരെ ഇദ്ദേഹം നല്‍കിയ ഹരജി കോടതി തള്ളിക്കളഞ്ഞിരുന്നു. കുറ്റം തെളിഞ്ഞാല്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യത്യസ്ത ആരോപണങ്ങളുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്വതന്ത്രമാക്കാനുള്ള ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഇവര്‍ പങ്കാളികളാകുന്നുവെന്നാണ് ചൈനയുടെ ആരോപണം. എന്നാല്‍, ഉയിഗൂറിലെ മുസ്‌ലിംകളെയും ഇവരുടെ സംസ്‌കാരത്തെയും അടിച്ചമര്‍ത്താനുള്ള സര്‍ക്കാറിന്റെ നടപടികളാണ് പ്രദേശത്തെ സംഘര്‍ഷത്തിലേക്ക് തള്ളിയിടുന്നതെന്ന് സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ അധികൃതരുടെ തടവില്‍ കഴിയുന്ന ഏഴ് വിദ്യാര്‍ഥികളുടെയും വിചാരണ ഉറുംഖിയിലെ അടച്ചിട്ട കോടതി മുറിക്കുള്ളിലാണ് നടക്കുന്നതെന്ന് ഇല്‍ഹാമിന്റെ അഭിഭാഷകന്‍ പറഞ്ഞു. വിദ്യാര്‍ഥികളില്‍ ആറ് പേരും ഉയിഗൂര്‍ വംശജരാണെന്നും ഒരാള്‍ ചൈനയിലെ യി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇല്‍ഹാം തൊഹ്തി തുടങ്ങിയ ഉയിഗൂര്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റിന് സഹായം നല്‍കിയെന്നാണ് ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ ഈ വെബ്‌സൈറ്റില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന എന്തെങ്കിലും ലേഖനം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എ എഫ് പി വ്യക്തമാക്കി. തൊഹ്തിയെ അറസ്റ്റ് ചെയ്ത ശേഷം ഈ വെബ്‌സൈറ്റ് ചൈനീസ് അധികൃതര്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.