Connect with us

Malappuram

റവന്യൂ വകുപ്പിന് മൗനസമ്മതം; പുല്ലിപ്പുഴ തീരങ്ങളില്‍ വ്യാപക കൈയേറ്റം

Published

|

Last Updated

തേഞ്ഞിപ്പലം: ചേലേമ്പ്ര, രാമനാട്ടുകര, ഫറോക്ക്, കടലുണ്ടി എന്നീ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന പുല്ലിപ്പുഴയുടെ തീരങ്ങളില്‍ വ്യാപക കൈയേറ്റം.
22 മുതല്‍ 30 മീറ്റര്‍ വരെ വീതിയുളള പുല്ലിപുഴ ജനവാസകേന്ദ്രങ്ങളില്‍ 15 മുതല്‍ 18 മീറ്റര്‍ വരെയായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം റവന്യൂ വകുപ്പ് നടത്തിയ സര്‍വേയില്‍ ഇത് വ്യക്തമായിരുന്നു. തീരങ്ങളില്‍ വ്യാപകമായ കൈയേറ്റം നടക്കുന്നതായി നിരവധി തവണ തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികളേയും റവന്യൂ വകുപ്പിനേയും അറിയിച്ചിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.
ഇതേ തുടര്‍ന്നാണ് റവന്യൂ വകുപ്പിനോട് പുഴയുടെ വിസ്തൃതി കണ്ടെത്താന്‍ നിര്‍ദേശിച്ചത്.പുല്ലിപ്പുഴയുടെ ഇരു തീരങ്ങളിലും കൈയേറ്റം നടന്നിട്ടുണ്ട്. പലഭാഗങ്ങളിലും തീരത്ത് ചകിരി പുഴ്ത്താനുണ്ടാക്കുന്ന തിട്ട ചകിരിച്ചോര്‍ ഇട്ട് നികത്തിയും പിന്നീട് മണ്ണിട്ട് നികത്തിയുമാണ് പുഴ തങ്ങളുടെ സ്ഥലത്തിന്റെ ഭാഗമാക്കി മാറ്റുന്നത്. തീരങ്ങളില്‍ വ്യാപകമായിരുന്ന കണ്ടല്‍കാട് വെട്ടി ഘട്ടം ഘട്ടമായി വെട്ടി നശിപ്പിച്ച് തീരത്ത് മണ്ണിട്ട് നികത്തി പുഴ നികത്തുന്ന കാഴ്ച്ചയാണ് നിലവിലുളളത്. പലരും റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തീരത്തിനും പുഴയുടെ മിക്ക ഭാഗങ്ങള്‍ക്കും ആധാരം ഉണ്ടാക്കിയിട്ടുണ്ട്. കായലോര ഭാഗങ്ങളില്‍ വ്യാപകമായ കൈയേറ്റത്തെക്കുറിച്ച് കഴിഞ്ഞ ഫെബുവരി രണ്ടി ന് നിയമസഭാ ചോദ്യേത്തര വേളയില്‍ റവന്യൂ മന്ത്രി കൈയേറ്റം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അത് തടയുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് കഴിഞ്ഞ ജൂണ്‍ നാലിന് ഇറക്കിയ ഉത്തരവില്‍ കൈയേറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ നാളിതുവരെ ഗ്രാമപഞ്ചായത്തുകള്‍ അത്തരമൊരു നടപടികള്‍ക്ക് തുനിഞ്ഞിട്ടില്ല. കൂടാതെ കായല്‍ തീരങ്ങളോ പുഴതീരങ്ങളോ തുടര്‍ച്ചയായി പാട്ടത്തിന് നല്‍കുന്നത് പോലും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സെപ്തംബര്‍ 25 ന് ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്.
അതേസമയം രാമനാട്ടുകര പഞ്ചായത്തിനേയും ചേലേമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പുല്ലിക്കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് പുഴഭാഗം കൈയേറി സൈഡ് കെട്ടി സ്വകാര്യവ്യക്തിക്ക് റോഡ് നിര്‍മിക്കാന്‍ സഹായിച്ചു എന്നാരോപിച്ച് പുല്ലിപ്പുഴ സംരംക്ഷണ സമിതി എന്ന പേരില്‍ ഒരു സംഘം രൂപീകരിക്കുകയും പിന്നീടത് രംഗത്ത് നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു. എന്നാല്‍ തീരത്ത് നടക്കുന്ന വ്യപക കൈയേറ്റത്തെ കുറിച്ച് റവന്യൂ വകുപ്പ് സര്‍വേയര്‍മാരെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest