വെള്ളില-മല റോഡിന് ശാപമോക്ഷമാകുന്നു

Posted on: November 26, 2014 10:10 am | Last updated: November 26, 2014 at 10:10 am

മങ്കട: അഞ്ച് പതിറ്റാണ്ട് മുമ്പ് തുടങ്ങിവെച്ച വെള്ളില-മല റോഡിന് ശാപമോക്ഷമാകുന്നു. മങ്കട ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന വെള്ളില -മല റോഡ് 1965ല്‍ പണി ആരംഭിച്ചെങ്കിലും 50 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാനായിരുന്നില്ല.
65ല്‍ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയില്‍ തുടങ്ങിയ ഈ റോഡ് ഫണ്ടിന്റെ അപര്യാപ്തതയില്‍ നിന്ന് പോവുകയായിരുന്നു. പിന്നീട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നാമമാത്ര തുക അനുവദിച്ചെങ്കിലും മലയോര റോഡായതിനാല്‍ ഇതിന്റെ പുനരുദ്ധാരണത്തിന് തികയുമായിരുന്നില്ല.
ഈയിടക്ക് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമായ തുകയും ഇപ്പോള്‍ പി എം എസ് ജി വൈയുടെ പദ്ധതിയില്‍ ഒരു കോടി അറുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡ് നവീകരിക്കുന്നത്. റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വന്‍ ആഘോഷമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഈ മുപ്പതിന് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ഇ അഹമ്മദ് എം പി, മന്ത്രി എം അലി, ടി എ അഹമ്മദ്കബീര്‍ എം എല്‍ എ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സാരഥികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഗ്രാമപഞ്ചായത്ത് അംഗം ഇ സി സേവ്യര്‍ ചെയര്‍മാനും ഇബ്‌റാഹീം വെള്ളില കണ്‍വീനറും ബ്ലോക്ക് അംഗം യു കെ അബൂബക്കര്‍ ട്രഷററുമായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്.