സച്ചിന്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്; ജലതരംഗത്തില്‍ മുപ്പത് മണിക്കൂര്‍ നീണ്ട നാദവിസ്മയം

Posted on: November 26, 2014 10:02 am | Last updated: November 26, 2014 at 11:28 am

കോഴിക്കോട്: ഭാരതത്തിലെ അതിപുരാതനമായ ജലതരംഗ വാദ്യത്തിന്റെ ശബ്ദം കോഴിക്കോട് ടൗണ്‍ഹാളില്‍ നീണ്ട മുപ്പത് മണിക്കൂറോളം നേരം മുഴങ്ങിയപ്പോള്‍ അതിന്റെ അലയൊലി പ്രതിധ്വനിച്ചത് ലോക സംഗീത ചരിത്രത്തിന്റെ എടുകളിലായിരുന്നു.
ജലം നിറച്ച സിറാമിക് പാത്രങ്ങളില്‍ നിന്ന് കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേണ്‍ ശൈലികളില്‍ രാഗഭാവങ്ങള്‍ ശ്രവിപ്പിച്ച് കൊണ്ടുള്ള നാദവിസ്മയം പ്രതീക്ഷിച്ചതിലുമധികം നേരം തുടര്‍ന്നപ്പോള്‍ കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി സച്ചിന്‍ സുന്ദര്‍ നടന്നുകയറിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ശൃംഖത്തിലേക്ക്. നിറഞ്ഞ സദസ്സിന്റെയും ഗുരുക്കന്‍മാരുടെയും ബന്ധുക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ സംഗീത സപര്യ മുപ്പത് മണിക്കൂര്‍ നീണ്ടപ്പോള്‍ പഴങ്കഥയായത് ആന്ധ്രാപ്രദേശുകാരന്‍ രാമകൃഷ്ണറാവു തീര്‍ത്ത പതിനാറ് മണിക്കൂറിന്റെ റെക്കോര്‍ഡ്.
ഹംസധ്വനി രാഗത്തിലുള്ള കീര്‍ത്തനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ ജലതരംഗ കച്ചേരി ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അവസാനിച്ചത്. കച്ചേരി പ്രതീക്ഷിച്ച സമയം പിന്നിട്ട് റെക്കോര്‍ഡിലേക്ക് നീങ്ങിയെന്നറിഞ്ഞതോടെ സഹപാഠികള്‍ സച്ചിനെ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കിട്ടു. ഉത്തമനായ ശിഷ്യനെ ഗുരു കോഴിക്കോട് രാധാകൃഷ്ണനും, അഭിമാനതാരമായി മാറിയ സച്ചിനെ തലക്കുളത്തൂര്‍ വടക്കെ ഉപ്പിണാത്ത് സുന്ദരന്‍ ഷീന സുന്ദരന്‍ ദമ്പതികളും സഹോദരി സോനയുമെല്ലാം കെട്ടിപ്പുണര്‍ന്ന് സന്തോഷം പങ്കുവെച്ചു.
കര്‍ണാടക സംഗീതം, ഭജന്‍സ്, ഹിന്ദുസ്ഥാനി ഭജന്‍സ്, സിനിമാഗാനങ്ങള്‍, നാടക ഗാനങ്ങള്‍, മാപ്പിളപ്പാട്ട്, ഭക്തിഗാനമേള, വയലിന്‍- വീണ- പുല്ലാങ്കുഴല്‍ കച്ചേരി എന്നിവയുമായി 150 ല്‍ പരം കലാകാരന്‍മാരും സച്ചിന് അകമ്പടി സേവിച്ചിരുന്നു.
സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം കവി പി കെ ഗോപി നിര്‍വഹിച്ചു. റെക്കോര്‍ഡ് ചെയ്ത പരിപാടി ഗിന്നസ് അധികൃതര്‍ക്ക് അയച്ചുകൊടുത്ത് സച്ചിന്റെ നേട്ടത്തിന് അംഗീകാരം സാധ്യമാക്കാനുള്ള പരിശ്രമത്തിലാണ് പരിപാടിയുടെ സംഘാടക സമിതി.