പുറക്കാമല ഖനന ശ്രമം നാട്ടുകാര്‍ വീണ്ടും തടഞ്ഞു

Posted on: November 26, 2014 9:31 am | Last updated: November 26, 2014 at 9:31 am

മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ പുറക്കാമല ഖനന ശ്രമം നാട്ടുകാര്‍ വീണ്ടും തടഞ്ഞു. വന്‍ പാരിസ്ഥിതിക പ്രത്യാഘാതവും പരിസര മലിനീകരണവും പരിസരവാസികള്‍ക്ക് ഏറെ പ്രയാസവും ഉണ്ടാക്കുന്നതാണ് ഇവിടത്തെ ഖനനം. പുറക്കാമലയിലെ കുഴിച്ചാല്‍ കുന്ന് കുടിവെള്ള പദ്ധതി തകരാന്‍ സാധ്യതയുള്ള ഖനനം ക്വാറി മാഫിയകളുടെ ഒത്താശയോടെ വീണ്ടും നടത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ശക്തമായ ഇടപെടല്‍ മൂലം നിര്‍ത്തിവെച്ചു. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് നാട്ടുകാര്‍ ചേര്‍ന്നാണ് ഖനനത്തിനെത്തിയവരെ തടഞ്ഞത്. അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലമാണ് ഇതെന്നും ഉന്നതന്മാരായ ഉദ്യോഗസ്ഥന്മാരെ പ്രീണിപ്പിച്ചുകൊണ്ട് ഖനനത്തിന് ആവശ്യമായ രേഖകള്‍ സംഘടിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഖനനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ ജനകീയ സംരക്ഷണ സമിതി തീരുമാനിച്ചു.