താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി

Posted on: November 26, 2014 12:09 am | Last updated: November 26, 2014 at 12:09 am

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിക്കുകയും താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്തത് കുട്ടനാട്ടിലെ താറാവ് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. ലക്ഷങ്ങളുടെ നഷ്ടമാണ് പക്ഷിപ്പനി മൂലം കര്‍ഷകര്‍ക്കുണ്ടായിട്ടുളളത്. 390 അംഗീകൃത താറാവ് കര്‍ഷകരാണ് കുട്ടനാട്ടിലുള്ളത്. എന്നാല്‍ ആയിരത്തോളം കര്‍ഷകര്‍ ഇവിടെയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പത്ത് ലക്ഷത്തോളം താറാവുകളാണ് കര്‍ഷകര്‍ വളര്‍ത്തുന്നത്. ക്രിസ്മസ് മുന്നില്‍ കണ്ട് ലക്ഷക്കണക്കിന് താറാവുകളെയാണ് കര്‍ഷകര്‍ വന്‍ തുക ചെലവഴിച്ച് വളര്‍ത്തിയിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം കുട്ടനാട്ടില്‍ ഇരുപതിനായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങിയതോടെയാണ് കര്‍ഷകരുടെ ആശങ്ക തുടങ്ങിയത്. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന സ്ഥിരീകരണം വന്നതോടെ കര്‍ഷകര്‍ തീര്‍ത്തും പ്രതിസന്ധിയിലായി. തങ്ങളുടെ സമ്പാദ്യം മുഴുവന്‍ പക്ഷിപ്പനിയിലൂടെ തകര്‍ന്നിരിക്കെ മതിയായ നഷ്ടപരിഹാരം പോലും കിട്ടില്ലെന്ന വിഷമത്തിലാണ് താറാവ് കര്‍ഷകര്‍. ഒരു ദിവസം പ്രായമായ താറാവിന്‍ കുഞ്ഞുങ്ങളെ 19 രൂപ പ്രകാരം വാങ്ങിയ കര്‍ഷകര്‍ 30 ദിവസം കഴിഞ്ഞപ്പോള്‍ പ്ലേഗിനുള്ള വാക്‌സിനേഷനും 45 ദിവസം കഴിഞ്ഞപ്പോള്‍ അറ്റാക്കിനും 62 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പ്ലേഗിനുള്ള പ്രതിരോധ കുത്തിവെയ്പും എടുത്തിരുന്നു. ഒരു താറാവിന് 125 രൂപ ഇതുവരെ കര്‍ഷകര്‍ക്ക് ചെലവ് വന്നിട്ടുണ്ട്. പല കര്‍ഷകരും പത്തും ഇരുപതും അതിലധികവും തൊഴിലാളികളെ വരെ ജോലിക്കാരായി നിശ്ചയിച്ചാണ് താറാവ് കൃഷി നടത്തിയിരുന്നത്. അയ്യായിരവും പതിനായിരവും അതിലധികവും വരെ താറാവുകളെ ഒരുമിച്ച് വളര്‍ത്തി വന്ന കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരം 75 മുതല്‍ 150 രൂപ വരെയാണ്. ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന് കര്‍ഷകര്‍ പറയുന്നു. 300 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ തങ്ങളുടെ നഷ്ടം നികത്താനാകൂ എന്ന നിലപാടിലാണ് കര്‍ഷകര്‍. അതേസമയം, പക്ഷിപ്പനി സ്ഥിരീകരിക്കുന്നതിന് മുമ്പ് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ആ നിലക്കുള്ള നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിക്കില്ല.