തൃണമൂലും ശിവസേനയും സര്‍ക്കാറിന് തലവേദനയാകും

Posted on: November 26, 2014 2:14 am | Last updated: November 25, 2014 at 11:14 pm

ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് ബില്‍ അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ കടുത്ത പ്രതിരോധം തീര്‍ത്ത് ശിവസേനയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും. കര്‍ഷകര്‍, ജീവനക്കാര്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഉതകുന്ന ഭേദഗതികള്‍ കൊണ്ടു വരുന്നില്ലെങ്കില്‍ ഇന്‍ഷ്വറന്‍സ് ബില്ലിനെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ശിവസേനാ വക്താവ് അരവിന്ദ് സാവന്ത് പറഞ്ഞു. മമത ബാനര്‍ജിയാകട്ടെ ഇടതു പാര്‍ട്ടികള്‍, ജെ ഡി യു, എസ് പി എന്നിവയുമായി ചേര്‍ന്ന് ബില്ലിനെ എതിര്‍ക്കാനുള്ള പദ്ധതിയിലാണ്. കോണ്‍ഗ്രസിന്റെ സഹായവും അവര്‍ തേടുന്നു. സര്‍ക്കാറിന് ശൈത്യകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസ്സാക്കിയെടുക്കണമെന്നുണ്ട്.
മമതാ ബാനര്‍ജിയടക്കമുള്ളവര്‍ ബില്‍ എങ്ങനെയെങ്കിലും വൈകിപ്പിക്കാനുള്ള ശ്രമത്തിലാണ്. ബില്‍ പാസ്സാക്കുന്നത് എക്കാലത്തേക്കും തടയാന്‍ ഇവര്‍ക്ക് സാധിക്കില്ലായിരിക്കാം. കാരണം കോണ്‍ഗ്രസ് ബില്ലിനെ പിന്തുണക്കും. വൈകിപ്പിക്കാന്‍ ഈ കക്ഷികള്‍ക്ക് സാധിക്കുമെന്ന് ഉറപ്പ്. ബി എസ് പി യെ കൂടി ഈ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ‘അനാവശ്യ’ എതിര്‍പ്പിന് തങ്ങളില്ലെന്നാണ് അവരുടെ നിലപാട്.
ഇന്‍ഷ്വറന്‍സ് മേഖലയിലേക്ക് വിദേശ കമ്പനികളെ ക്ഷണിക്കുന്ന ബില്‍ രാജ്യസഭയുടെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ് ഇപ്പോഴുള്ളത്. സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷന്‍ ചന്ദന്‍ മിത്ര പല തവണ യോഗം വിളിച്ച് ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും തൃണമൂല്‍ നടത്തിയ ഇടപെടലില്‍ നീണ്ടുപോകുകയാണ്. റിപ്പോര്‍ട്ട് അയക്കുന്നത് വൈകിപ്പിക്കാന്‍ തന്നെയാണ് നീക്കം. രാജ്യസഭയില്‍ ന്യൂനപക്ഷമായതിനാല്‍ പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ക്കുകയെന്ന പോംവഴിയാകും സര്‍ക്കാര്‍ പുറത്തെടുക്കുക. മായാവതിയുടെ ബി എസ് പി പിന്തുണ പ്രഖ്യാപിച്ചത് രാജ്യസഭയില്‍ സര്‍ക്കാറിന് പ്രതീക്ഷ പകരുന്നു. അതേസമയം, ഇന്‍ഷ്വറന്‍സ് ബില്ലിനെ പിന്തുണക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ശിവസേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗമായ ശിവസേനക്ക് ഈ നിലപാട് തുടരാനാകുമോ എന്ന് സംശയമാണ്.
രാജ്യസഭയില്‍ ഭരണ സഖ്യത്തിന് ഭൂരിപക്ഷം ഇല്ലെന്നതാണ് തൃണമൂല്‍ അടക്കമുള്ളവര്‍ ആയുധമാക്കുന്നത്. തൃണമൂല്‍, ഇടതുപാര്‍ട്ടികള്‍, എസ് പി, ജെ ഡി യു എന്നിവ ചേരുമ്പോള്‍ മൊത്തം സംഖ്യ അന്‍പതിലെത്തും. കോണ്‍ഗ്രസ് കൂടി ചേര്‍ന്നാല്‍ അത് നൂറ് കടക്കും. പരമാവധി ഭേദഗതി നിര്‍ദേശിക്കുക ഓരോ ഭേദഗതിക്കും ഡിവിഷന്‍ (വോട്ടിംഗ്) ആവശ്യപ്പെടുക എന്ന തന്ത്രമാകും പയറ്റുക. ഇത് സഭയുടെ പ്രവര്‍ത്തനം തന്നെ മന്ദഗതിയിലാക്കും. കൂടാതെ കള്ളപ്പണം പോലുള്ള വിഷയങ്ങളുയര്‍ത്തി സ്തംഭനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
സഭയില്‍ ബില്‍ അവതരിപ്പിക്കും മുമ്പ് കള്ളപ്പണത്തെ കുറിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് റൂള്‍ 267 അനുസരിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കും അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ഉരുളക്കുപ്പേരി നല്‍കാന്‍ തയ്യാറായി നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു 10 മന്ത്രിമാരോട് സംസാരിച്ചിട്ടുമുണ്ട്. ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ്, മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍, നിയമമന്ത്രി സദാനന്ദ ഗൗഡ തുടങ്ങിയവരെയാണ് നായിഡു കണ്ടത്.