ഡിസംബര്‍ ഒന്നു മുതല്‍ ടാക്‌സി നിരക്ക് കൂടും

Posted on: November 25, 2014 8:49 pm | Last updated: November 25, 2014 at 8:49 pm

rtaദുബൈ: ഡിസംബര്‍ ഒന്നു മുതല്‍ ദുബൈയില്‍ ടാക്‌സി നിരക്ക് വര്‍ധിക്കും. നോള്‍കാര്‍ഡിലൂടെ നിരക്ക് നല്‍കാമെന്നതും വ്യാപകമാകുമെന്ന് ആര്‍ ടി എ. സി ഇ ഒ ഡോ. യൂസുഫ് മുഹമ്മദലി പറഞ്ഞു.
തിരക്കുള്ള സമയങ്ങളില്‍ അടിസ്ഥാന നിരക്ക് മൂന്ന് ദിര്‍ഹത്തില്‍ നിന്ന് അഞ്ചായി ഉയരും. രാവിലെ ഏഴുമുതല്‍ 10 വരെയും വൈകുന്നേരം നാലുമുതല്‍ രാത്രി എട്ടുവരെയുമാണിത്. ടാക്‌സി ബുക്കു ചെയ്യുന്നവര്‍ക്കുള്ള അധികനിരക്ക് എട്ടായിരിക്കും. നേരത്തെ ആറു ദിര്‍ഹമായിരുന്നു. ഈ സമയങ്ങളില്‍ മിനിമം ചാര്‍ജ് 12 ദിര്‍ഹം ഈടാക്കും. നിലവില്‍ പത്തുദിര്‍ഹമാണ്. വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി 12 വരെയാകും തിരക്കുള്ള സമയം.
ടാക്‌സി മീറ്ററുകളില്‍ ആവശ്യമായ മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ നവീകരണം പൂര്‍ത്തിയാകുമെന്നും ഡോ. യൂസുഫ് പറഞ്ഞു. ബസിലും മെട്രോയിലും കുറഞ്ഞ നിരക്ക് 1.80 നിന്ന് 3.00 ദിര്‍ഹമാക്കി ഈയടുത്താണ് ആര്‍ ടി എ ഉയര്‍ത്തിയത്.