പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെ ശൈത്യകാല സമ്മേളനത്തിന് തുടക്കം

Posted on: November 25, 2014 1:29 pm | Last updated: November 26, 2014 at 12:28 am

indian parliamentന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ബഹളം നടന്നത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം.
കള്ളപ്പണ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവും ജനതാദള്‍ (യു) അധ്യക്ഷന്‍ ശരദ്യാദവും തൃണമൂലിന് പിന്തുണ അറിയിച്ചു. പ്രതിപക്ഷകക്ഷികള്‍ക്ക് കോണ്‍ഗ്രസും പിന്തുണ അറിയിച്ചു. സഭ ചേര്‍ന്നയുടനെ പ്രധാനമന്ത്രി കള്ളപ്പണ വിഷയത്തില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് കറുത്ത കുടയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ ബഹളം അവഗണിച്ച് സഭാനടപടികളുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും ബഹളം രൂക്ഷമായി. തുടര്‍ന്ന് 12 വരെ സഭ നിര്‍ത്തിവച്ചു. പിന്നീട് വീണ്ടും സഭ ആരംഭിച്ചപ്പോള്‍ കള്ളപ്പണ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. വീണ്ടും ബഹളത്തെ തുടര്‍ന്ന് ഒരു മണിവരെ സഭ നിര്‍ത്തിവച്ചു.