കോളജുകളില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നു

Posted on: November 25, 2014 11:30 am | Last updated: November 25, 2014 at 11:30 am

കുന്നംകുളം: വടക്കേക്കാട് മേഖലയിലെ കോളജുകളില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതായി പരാതി. കോളജിലെ ടോയ്‌ലെറ്റിലും, കോമ്പൗണ്ടിലും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ കാലിക്കവറുകള്‍ കണ്ടെത്തി. കോളജിലെ തന്നെ ചില വിദ്യാര്‍ഥികള്‍ കുറഞ്ഞ വിലക്ക് കടകളില്‍ നിന്ന് ലഹരി പദാര്‍ഥങ്ങള്‍ വാങ്ങി കോളജിലെ തന്നെ മറ്റു വിദ്യാര്‍ഥികള്‍ക്ക് വന്‍ വിലക്ക് നല്‍കാറുണ്ടത്രേ. മാത്രമല്ല ഈ പാക്കറ്റുകള്‍ പത്തും പതിനഞ്ചും വിദ്യാര്‍ഥികള്‍ പരസ്പരം പങ്ക് വെച്ച് കൊണ്ടാണ് ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു.
പ്രദേശത്തെ ചില കോളജുകളില്‍ വെള്ളിയാഴ്ച്ച ദിവസം കോളജ് അധികൃതര്‍ പളളിയിലേക്ക് പോകുന്ന സമയത്ത് കഞ്ചാവ് മാഫിയയില്‍പ്പെട്ട ചിലര്‍ കോളജ് ക്യാമ്പസിനുളളില്‍ കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഒരു തവണ ഇവരെ പിടിക്കാനായി ശ്രമിച്ചപ്പോള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും കോളജിലെ തന്നെ ചില വിദ്യാര്‍ഥികളുടെ സുഹൃത്തുക്കളാണ് ഇവരെന്നും അറിയാന്‍ കഴിഞ്ഞതായി വടക്കേകാട് മേഖലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ അറിയിച്ചു.