Connect with us

Wayanad

എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ആവേശം നീലഗിരിയിലും

Published

|

Last Updated

ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ താജുല്‍ ഉലമ നഗറില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെയും ഡിസംബര്‍ 18-21 തിയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെയും ആവേശം തമിഴക മണ്ണിലും. നീലഗിരിയിലെ അതിര്‍ത്തി മുതല്‍ ജില്ലയിലുടനീളം കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളും, ചുവരെഴുത്തുകളും നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്. നഗര-ഗ്രാമാന്തരങ്ങളില്‍ സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. വിവിധ പ്രചാരണ രീതികളാണ് പലരും സ്വീകരിച്ചിരിക്കുന്നത്. നീലഗിരിയില്‍ പ്രവര്‍ത്തകര്‍ ആവേശതിമര്‍പ്പിലാണ്. എസ് വൈ എസ് സമ്മേളനത്തിന് മാസങ്ങളുണ്ടെങ്കിലും പ്രചാരണം കണ്ടാല്‍ സമ്മേളനം അടുത്തെത്തിയ രൂപത്തിലാണ്. ഗൂഡല്ലൂര്‍ ഒന്നാംമൈലില്‍ എസ് എസ് എഫ് യൂനിറ്റ് കമ്മിറ്റി യൂനിറ്റ് പരിധിയില്‍ മാത്രം 18 ഫഌക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഒന്നാംമൈല്‍ മസ്ജിദിന് സമീപത്ത് നീണ്ടനിരയായി സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. എസ് വൈ എസിന്റെ 16 ഫഌക്‌സ് ബോര്‍ഡുകളും മര്‍കസിന്റെ രണ്ട് കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കാന്തപുരത്തിന്റെ കര്‍ണാടക യാത്രയുടെ ഫഌക്‌സ് ബോര്‍ഡും ഇവിടെ സ്ഥാപിച്ചിരുന്നു. മര്‍കസിന്റെ സ്ഥാപനങ്ങളുടെയും, നോളജ് സിറ്റിയുടെയും പടങ്ങളും ബോര്‍ഡുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. തമിഴക മണ്ണിലെ എസ് വൈ എസ്, മര്‍കസ് സമ്മേളന ഫഌക്‌സ് ബോര്‍ഡുകളുടെ പ്രചാരണ കാഴ്ച അതിമനോഹരമാണ്.

---- facebook comment plugin here -----

Latest