Connect with us

Wayanad

ടൂറിസം മേഖലയില്‍ ജില്ലക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രചാരണ പരിപാടികളില്‍ വയനാട് ജില്ലയെ കേന്ദ്രീകരിച്ചു മാത്രമുള്ള ശക്തമായ മാര്‍ക്കറ്റിങ് പരിപാടികള്‍ ഉള്‍പ്പെടുത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. കല്‍പ്പറ്റ സിവില്‍സ്റ്റേഷന്‍ ഇ-ബ്ലോക്കില്‍ ജില്ലാ ട്രഷറിക്ക് മുകളിലായി 75 ലക്ഷം രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച പുതിയ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റേയും ആധുനിക ഇന്‍ഫര്‍മേഷന്‍ സെന്ററിന്റേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഭാഗമായുള്ള ആധുനിക കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു.
വയനാട് ജില്ലയില്‍ ടൂറിസ്റ്റുകള്‍ കുറയുന്നുവെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലക്ക് മാത്രമായുള്ള പ്രചാരണ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നത്. പ്രകൃതി ഭംഗിക്കൊപ്പം സമ്പന്നമായ ചരിത്ര സാംസ്‌ക്കാരിക പൈതൃകം കൂടിയുള്ളൊരു നാടാണ് വയനാട്. കുടക് പോലുള്ള സമീപ ജില്ലകളെ അപേക്ഷിച്ച് വയനാടിന്റെ ടൂറിസംമൂല്യം എത്രയോ വലുതാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം ഊന്നല്‍ നല്‍കുന്ന ഗ്രാമീണ ടൂറിസം പദ്ധതിക്കും വയനാട്ടില്‍ വലിയ സാധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്തും. ആരാധനാലയങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം സര്‍ക്യൂട്ടുകളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയില്‍ ചുണ്ടേല്‍, പള്ളിക്കുന്ന്, ചീയമ്പം എന്നീ ആരാധനാലയങ്ങളെ ബന്ധിപ്പിച്ചുള്ള പില്‍ഗ്രിമേജ് സര്‍ക്യൂട്ട് വികസിപ്പിക്കും.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ടൂറിസം മേഖലയുടെ ഉന്നമനത്തിന് മര്‍മ്മ പ്രധാനം. ഈ സര്‍ക്കാര്‍ വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ടൂറിസം
പദ്ധതിക്കായി നീക്കിവെച്ചിരുന്നത് 100 കോടി രൂപയായിരുന്നു. ഈ വര്‍ഷം അത് 250 കോടി സംസ്ഥാന വിഹിതവും 100 കോടി കേന്ദ്ര വിഹിതവും ഉള്‍പ്പെടുത്തി 350 കോടി രൂപയാണ്. അടുത്ത ബജറ്റില്‍ സംസ്ഥാന വിഹിതം മാത്രം 350 കോടി രൂപയാക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിനായി ഇതിനകം 35 കോടിരൂപ അനുവദിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
50 പേര്‍ക്ക് കോണ്‍ഫറന്‍സ് നടത്താനും വിവിധ ബിസിനസ്സ് ഗ്രൂപ്പുകള്‍ക്ക് ചര്‍ച്ച നടത്താനും കഴിയുന്ന വിധത്തില്‍ വിശാലമായാണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലി മുഖ്യപ്രഭാഷണം നടത്തി. പി ഡബ്ല്യു ഡി എക്‌സി. എഞ്ചിനീയര്‍ സാബു കെ ഫിലിപ്പ്, എ ഡി എം പി വി ഗംഗാധരന്‍, ഡി ടി പി സി എക്‌സി. അംഗങ്ങളായ അഡ്വ. ടി ജെ ഐസക്, അഡ്വ. പി അനുപമന്‍, രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം വകുപ്പ് റിജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ പി ജി ശിവന്‍ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ സി എന്‍ അനിതകുമാരി നന്ദിയും പറഞ്ഞു.

Latest