Connect with us

Malappuram

കമ്പ്യൂട്ടര്‍, ക്യാമറ കവര്‍ച്ച; കളവു മുതലുകള്‍ കണ്ടെടുത്തു

Published

|

Last Updated

പെരിന്തല്‍മണ്ണ/വണ്ടൂര്‍: 2009 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളിലായി സ്റ്റുഡിയോകളിലും പഞ്ചായത്ത് വില്ലേജ് ഓഫീസുകളിലും നടന്ന കമ്പ്യൂട്ടര്‍, ക്യാമറ കവര്‍ച്ച കേസുകളിലെ പ്രതിയായ മുബാറക്കലി (39), ചുണ്ണാമ്പു കലൈ, ഈദ് ഗാഹ് റോഡ്, ആമ്പൂര്‍. തമിഴ്‌നാട് എന്നയാള്‍ കവര്‍ച്ച ചെയ്ത 44 കേസുകളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മുതലുകള്‍ തമിഴ്‌നാട്ടില്‍ നിന്നും വളരെ സാഹസികമായി പെരിന്തല്‍മണ്ണ ഡി വൈ എസ് പിയുടെ നിര്‍ദേശ പ്രകാരം പാണ്ടിക്കാട് സി ഐ ആര്‍ മനോജ്കുമാറും മേലാറ്റൂര്‍ എസ് ഐ കെ മുഹമ്മദും ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് കണ്ടെടുത്തു.
പ്രതി മോഷണം നടത്തിയ അമ്പതോളം സ്റ്റുഡിയോകളിലെയും വിവിധതരം കമ്പനികളുടെ 92 കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍, 45 മദര്‍ ബോര്‍ഡുകള്‍, 90 ഹാര്‍ഡ് ഡിസ്‌ക്കുകള്‍, വിലപിടിപ്പള്ള നിക്കോണ്‍, കാനോണ്‍, സോണി കമ്പനികളുടെ നാല്‍പ്പതോളം സ്റ്റില്‍ ക്യാമറ, 15 വീഡിയോ ക്യാമറകള്‍, പത്തോളം ലാപ്‌ടോപ്പുകള്‍, പതിമൂന്നോളം ഫഌഷ് ലൈറ്റുകള്‍, മറ്റു സ്റ്റുഡിയോ അനുബന്ധ സാമഗ്രികള്‍ എന്നിവയാണ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെയും കൂട്ടി പോലീസ് കണ്ടെടുത്തത്. മോഷണം നടന്ന സ്ഥാപനങ്ങളിലെ പരാതിക്കാര്‍ പോലീസിന്റെ നിര്‍ദേശ പ്രകാരം തമിഴ്‌നാട്ടിലെത്തി തങ്ങളുടെ കളവുപോയ മുതലുകള്‍ നേരില്‍ കണ്ടുതിരിച്ചറിഞ്ഞു പോലീസിനെ കളവുമുതലുകള്‍ കണ്ടെത്തുന്നതിന് ഏറെ സഹായകമായി.
കസ്റ്റഡിയില്‍ വാങ്ങിയ പ്രതി മുബാറക്കലിയെയും കൂട്ടി പോലീസ് കളവു നടന്ന കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ നേരിട്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.
വളരെ അനായസമായി ഷട്ടറുകളുടെ പൂട്ടുപൊളിച്ച് അകത്തു കടന്ന് ഏതു കമ്പ്യൂട്ടറും നിമിഷനേരം കൊണ്ട് അഴിച്ചെടുക്കുന്ന പ്രതി കേരളത്തിലും തമിഴ്‌നാട്ടിലും അറിയപ്പെടുന്ന സൗണ്ട് എന്‍ജിനീയറാണ്.
ഗവണ്‍മെന്റ് ഓഫീസുകളിലും സ്റ്റുഡിയോകളിലും പ്രതി നടത്തി കമ്പ്യൂട്ടര്‍ കളവു മൂലം സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും പല വിലയേറിയ ഡാറ്റകള്‍ നഷ്ടപ്പെട്ടതായും സി ഐ അറിയിച്ചു.
വളരെ മാന്യമായി വസ്ത്രം ധരിച്ച് ആഢംബര കാറുകളില്‍ പകല്‍ സമയം കറങ്ങിയാണ് പ്രതി കളവു നടത്തേണ്ട സ്ഥലങ്ങള്‍ മനസ്സിലാക്കിയിരുന്നത്. പ്രധാന പ്രതി മുബാറക്കലിയുടെ സഹായിയായ ഒരാളെ കൂടി പിടികൂടാനുള്ളതായും ഉടന്‍ പിടിയിലാകുമെന്നും സി ഐ അറിയിച്ചു.
ഇവര്‍ കളവ് നടത്താനുപയോഗിച്ചിരുന്ന ആഢംബര കാറും പോലീസ് കണ്ടെടുത്തു.
സി ഐ ആര്‍ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ മേലാറ്റൂര്‍ എസ് ഐ കെ മുഹമ്മദ്, എ എസ് ഐ സി എം വേണുഗോപാല്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സി പി മുരളീധരന്‍, സി പി സന്തോഷ് കുമാര്‍, പി കെ അബ്ദുല്‍ സലാം, കെ മുരളീധരന്‍, സി മണിക്ണഠന്‍, പി എന്‍ മോഹനകൃഷ്ണന്‍, വി മന്‍സൂര്‍, ഫാസില്‍ കുരിക്കള്‍, സന്തോഷ്‌കുമാര്‍, കെ എന്‍ ഗിരീഷ്‌കുമാര്‍, സതീഷ്‌കുമാര്‍, ടി സലീന, സി അംബിക, കെ പി സിന്ധു എന്നിവരും ഉണ്ടായിരുന്നു.

Latest