ചെങ്കോട്- അടക്കാകുണ്ട് റോഡ് പാതിവഴിയില്‍ മുടങ്ങി യാത്രാ ക്ലേശത്തില്‍ ജനം വലയുന്നു

Posted on: November 25, 2014 10:52 am | Last updated: November 25, 2014 at 10:52 am

കാളികാവ്: മലയോരത്തെ പ്രധാന പാതയായ ചെങ്കോട്- അടക്കാകുണ്ട്- പാറശ്ശേരി റോഡിന്റെ വികസനം പാതിവഴിയിലായി. പി എം ജി എസ് പദ്ധതിയില്‍ മൂന്നേകാല്‍ കോടി രൂപ ചെലവഴിച്ച് നടക്കുന്ന റോഡിന്റെ നവീകരണമാണ് നിലച്ചത്.
കഴിഞ്ഞ മെയ് മാസത്തിലാണ് റോഡിന്റെ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി തുടങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇഴച്ചിലോടെ തുടങ്ങിയ പണി പിന്നെ നിലക്കുകയായിരുന്നു. ഇപ്പോള്‍ ഏതാനും കലുങ്കുകളുടെ നിര്‍മാണവും ചില ഭാഗങ്ങളില്‍ വശം കോണ്‍ഗ്രീറ്റിംഗ് നടത്തലുമാണ് പൂര്‍ത്തിയാക്കിയത്. അടക്കാകുണ്ട് റോഡ് പല ഭാഗത്തും തകര്‍ന്ന് തരിപ്പണമായിരിക്കുകാണ്. ഇതോടെ നിരവധി സ്‌കൂള്‍ ബസുകള്‍ സര്‍വീസ് നടത്തുകയും മുവ്വായിരത്തോളം കുട്ടികള്‍ സഞ്ചരിക്കുകയും ചെയ്യുന്ന റോഡില്‍ ഇപ്പോള്‍ പലയിടത്തും വലിയ കുഴികളാണ്. പല ഭാഗത്തും റോഡ് തകര്‍ന്നതിനാല്‍ കാല്‍നട യാത്ര പോലും ബുദ്ധിമുട്ടാണ്.
കഴിഞ്ഞ ദിവസം പണി നിര്‍ത്തുകയാണെന്ന് പ്രവൃത്തിയുമായി ബന്ധപ്പെട്ടവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നുവത്രെ. കാരണം വ്യക്തമാക്കിയതുമില്ല. നിലവിലെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ച് കിട്ടാനാണ് റോഡ് പണി നിര്‍ത്തിവെച്ചതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം അടക്കാകുണ്ട് സ്‌കൂള്‍ പടിയിലെ നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭം പ്രഖ്യാപിച്ചതോടെയാണ് പദ്ധതിക്ക് ത്രിതല പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് അംഗീകാരം ലഭിച്ചത്.
ഇനി നിന്ന റോഡ് പണി പുനരാരംഭിക്കാനും സമരം വേണ്ടി വരുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.