Connect with us

Kerala

പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Published

|

Last Updated

ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ താറാവുകള്‍ ചത്തതോടെ പഖ്യാപിച്ച പ്രതിരോധ നടപടികള്‍ക്ക് തുടക്കം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്നുകള്‍ ആലപ്പുഴയില്‍ എത്തിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചതായി ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. കൂടുതല്‍ മരുന്നുകള്‍ രണ്ടു ദിവസത്തിനകം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നിന്നുള്ള പരിശോധനാഫലം ഇന്നലെ വൈകുന്നേരത്തോടെയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചത്. ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ (എച്ച് എസ് എ ഡി എല്‍) നിന്നുള്ള പരിശോധനാ ഫലം വന്നതോടെ പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ക്ക് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് തുടക്കമിടാന്‍ തീരുമാനിച്ചിരുന്നു.
കുട്ടനാട്ടിലെ തലവടി, അമ്പലപ്പുഴ താലൂക്ക്, പുറക്കാട് എന്നിവിടങ്ങളിലായി കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പതിനേഴായിരത്തോളം താറാവുകളാണ് കൂട്ടത്തോടെ ചത്തത്. തലവടി തെക്ക് ഒരാളുടെ 84 ദിവസം പ്രായമായ പതിനയ്യായിരം താറാവുകളാണ് ചത്തത്. മങ്കൊമ്പ് പൂപ്പള്ളി ജംഗ്ഷന് സമീപം പൊങ്ങ പാടത്ത് വെച്ചാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഇതിന് പുറമെ ആയിരക്കണക്കിന് താറാവുകളുടെ കാഴ്ചശക്തിയും നഷ്ടപ്പെട്ടിട്ടുണ്ട്. താറാവുകളെ ബാധിച്ചത് ഡക്ക് പ്ലേഗ് ആണെന്ന നിഗമനത്തിലായിരുന്നു മൃഗസംരക്ഷണ വകുപ്പ്.
താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം പാലോട്ടെ പരിശോധനാ കേന്ദ്രത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് അണുബാധയാണെന്ന് അറിയുന്നത്. താറാവുകളുടെ തലച്ചോറിനെ ബാധിച്ച വൈറല്‍- ബാക്ടീരിയല്‍ അണു ബാധ കാരണമാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്കായി ചത്ത താറാവില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഹൈ സെക്യൂരിറ്റി ലാബില്‍ അയക്കുകയായിരുന്നു.
എല്ലാവിധ പ്രതിരോധ ചികിത്സാ നടപടികളും സ്വീകരിച്ചിട്ടും പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു ദിവസം പ്രായമായ താറാവിന്‍ കുഞ്ഞുങ്ങളെ 19 രൂപ പ്രകാരം വാങ്ങിയ കര്‍ഷകര്‍ മുപ്പത് ദിവസം കഴിഞ്ഞപ്പോള്‍ പ്ലേഗിനും 45 ദിവസം കഴിഞ്ഞപ്പോള്‍ അറ്റാക്കിനും 62 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പ്ലേഗിനുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിരുന്നു. പക്ഷിപ്പനി രോഗ സാധ്യത മുന്‍കൂട്ടി മനസ്സിലാക്കുന്നതിലും ഇതനുസരിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും മൃഗസംരക്ഷണ വകുപ്പ് പരാജയപ്പെട്ടതായി താറാവ് കര്‍ഷകര്‍ ആരോപിക്കുന്നു.
ഒരു താറാവിന് 125 രൂപ ഇതുവരെ കര്‍ഷകര്‍ക്ക് ചെലവ് വന്നിട്ടുണ്ട്. ചത്ത താറാവുകള്‍ക്ക് പുറമെ ആയിരക്കണക്കിന് താറാവുകളുടെ കാഴ്ചശക്തിയും നശിച്ചതായി കര്‍ഷകന്‍ പറയുന്നു. ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പക്ഷിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ മൃഗസംരക്ഷണ വകുപ്പ് എടുത്തിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

---- facebook comment plugin here -----